മീന്‍വില്‍പ്പന 'ത്രീസ്റ്റാര്‍'; തൊഴില്‍ അഭിമാനമാക്കിയ വനിതകള്‍

post

'എന്റെ തൊഴില്‍ എന്റെ അഭിമാനം' എന്ന ടാഗ് ലൈന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിതത്തില്‍ നടപ്പാക്കി വിജയം കണ്ടവരാണ് കീഴല്ലൂര്‍ പഞ്ചായത്തിലെ ത്രീസ്റ്റാര്‍ മീന്‍വില്‍പ്പന സംരംഭകര്‍. തെരൂര്‍ പാലയോട്ടെ ടി വി രാജിക, കെ വിമല, പി വസുമതി എന്നിവര്‍ 2019ലാണ് മത്സ്യ വില്‍പ്പനയ്ക്ക് ഇറങ്ങുന്നത്. സ്വന്തമായി ഒരു തൊഴില്‍ എന്നത് തന്നെയായിരുന്നു മൂവരുടെയും പ്രചോദനം. പവിത്ര, അക്ഷിത എന്നീ കുടുംബശ്രീകളിലെ അംഗങ്ങളും അയല്‍വാസികളും ബന്ധുക്കളുമാണ് ഇവര്‍. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ എന്നിവിടങ്ങളില്‍ നിന്നുള്ള വായ്പയില്‍ നിന്നായിരുന്നു തുടക്കം. വായ്പ തുക ഉപയോഗിച്ച് ഒരു ഓട്ടോറിക്ഷ വാങ്ങി. ഡ്രൈവറെ തേടി എങ്ങും പോയില്ല, രാജിക ഡ്രൈവറും വിമലയും വസുമതിയും വില്‍പ്പനക്കാരുമായി.

ആദ്യനാളുകളില്‍ നാട്ടിലും പരിസരപ്രദേശങ്ങളിലുമായിരുന്നു കച്ചവടം. പിന്നീട് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. കൊവിഡിന്റെ തുടക്കത്തില്‍ വില്‍പന നിര്‍ത്തിയെങ്കിലും ഇളവുകള്‍ ലഭിച്ചതിന് ശേഷം വീണ്ടും സജീവമായി. മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണിവരുടെ മീന്‍ വില്‍പ്പന.

പുലര്‍ച്ചെ 5.30ന് ചക്കരക്കല്ലില്‍ നിന്നാണ് ആവശ്യമുള്ള മത്സ്യം എടുക്കുന്നത്. മത്തി, അയല, മുള്ളന്‍, നത്തല്‍, കൂന്തല്‍, തെരണ്ടി, ആവോലി അയക്കൂറ എന്നിങ്ങനെ എല്ലാ തരത്തിലുള്ള മത്സ്യങ്ങളും വില്‍ക്കാറുണ്ട്. പ്രത്യേക മത്സ്യങ്ങള്‍ മുന്‍കൂട്ടി ആവശ്യപ്പെടുന്നവര്‍ക്ക് എത്തിച്ച് നല്‍കാറുമുണ്ട്. ഒട്ടേറെ പേരാണ് ഇവരില്‍ നിന്നും സ്ഥിരമായി മീന്‍ വാങ്ങുന്നത്. നിലവില്‍ മുഴപ്പാല, ചക്കരക്കല്‍, മാമ്പ, തലമുണ്ട, പനയാത്താംപറമ്പ്, എടയന്നൂര്‍ തുടങ്ങിയ ഭാഗങ്ങളിലൂടെയാണ് വില്‍പനയ്ക്കുള്ള യാത്ര. പുതിയ റൂട്ടിലേക്ക് എത്താന്‍ ഒട്ടേറെ പേര്‍ ആവശ്യപ്പെടുന്നുണ്ട്. കച്ചവടം ലാഭകരമായതോടെ എടുത്ത വായ്പയെല്ലാം തിരിച്ചടച്ച് കഴിഞ്ഞു. സംരംഭം ആരംഭിച്ചത് മുതല്‍ വീട്ടുകാരും നാട്ടുകാരും മികച്ച പിന്തുണയാണ് നല്‍കുന്നത്.