കനത്ത വേനല്‍: ജല ഉപമിഷന്‍ യോഗം ചേര്‍ന്നു

post

തൃശ്ശൂര്‍: കനത്ത വേനലിനെ അതിജീവിക്കാന്‍ ഹരിത കേരളം മിഷന്റെ ഭാഗമായുള്ള ജല ഉപമിഷന്റെ കീഴില്‍ കയ്പമംഗലം മണ്ഡലത്തില്‍ യോഗം ചേര്‍ന്നു. വരള്‍ച്ചയെ അതിജീവിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ഗ്രാമ പഞ്ചായത്തുകള്‍ സ്‌പെഷ്യല്‍ പ്രോജക്ടായി വെക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. ഓരോ പഞ്ചായത്തിലും ഒരു വാര്‍ഡ് മോഡല്‍ വാര്‍ഡായി തെരഞ്ഞെടുത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പൊതു കുളങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടുള്ളതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച എംഎല്‍എ ഇ ടി ടൈസണ്‍ മാസ്റ്റര്‍ അറിയിച്ചു. പഞ്ചായത്ത്തല യോഗം വിളിച്ച് ചേര്‍ത്ത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുവാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

നിയോജക മണ്ഡലത്തില്‍ ലഭ്യമായ പൊതു കുളങ്ങളുടെ സംരക്ഷണവും ജല സ്‌കെയില്‍ സ്ഥാപിക്കലും ലഭ്യമായ ജലത്തിന്റെ ഗുണനിലവാരം ഉറപ്പിക്കുവാനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. പൊതു കുളങ്ങളോടൊപ്പം സ്വകാര്യ വ്യകതികളുടെ കുളങ്ങളും സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കുവാനും തീരുമാനമെടുത്തു. നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നുള്ള പ്രസിഡന്റുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.