അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള; ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതൽ

post


‌കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ജൂലൈ 16,17,18 തീയതികളിൽ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നവർക്കുള്ള ഡെലിഗേറ്റ് പാസുകൾ ഇന്ന് (ജൂലൈ 15) മുതൽ വിതരണം ചെയ്യും. രാവിലെ 11.30ന് കൈരളി തിയേറ്റർ പരിസരത്ത് നടക്കുന്ന ചടങ്ങ് ഡെപ്യൂട്ടി മേയറും ഡെലിഗേറ്റ് കമ്മിറ്റി ചെയർമാനുമായ മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്യും.

ആദ്യ പാസിന്റെ വിതരണം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് നിർവഹിക്കും. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്. ഷാജി, സംഘാടക സമിതി ജോയിൻറ് കൺവീനർ അഡ്വ. പി.എം. ആതിര, ഡെലിഗേറ്റ് കമ്മിറ്റി വൈസ് ചെയർപേഴ്സൺ ടി.വി. ലളിതപ്രഭ, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.


മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വനിതാ സംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ, ഡോക്യുമെൻററി, ഷോർട്ട് ഫിക്ഷൻ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. കൈരളി തിയേറ്ററിലെ സ്വാഗതസംഘം ഓഫീസിൽ സജ്ജീകരിച്ച ഹെൽപ്പ് ഡെസ്ക് മുഖേന ഓഫ് ലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താവുന്നാണ്. https://registration.iffk.in/ എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായും ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. മുതിർന്നവർക്ക് 300 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.