ടീം ബേഡകം കുടുംബശ്രീ അഗ്രോ നഴ്‌സറിയുടെ തൈ വിതരണം ആരംഭിച്ചു

post

ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ടീം ബേഡകം കുടുംബശ്രീ അഗ്രോ നഴ്‌സറിയുടെ തൈ വിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ കൃഷി ഓഫീസര്‍ പ്രവീണിന് നല്‍കി വിതരണോദ്ഘാടനം ചെയ്തു. കമ്പനി എം ഡി പ്രസന്ന അധ്യക്ഷയായി. എ ഡി എം സി സി എച്ച് ഇക്ബാല്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ഗോപി, പഞ്ചായത്തംഗങ്ങളായ രഘുനാഥ്, ശ്രുതി, തമ്പാന്‍, ഗോപാലകൃഷ്ണന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഗുലാബി, ഡി പി സി അംഗം സി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശിവന്‍ ചൂരിക്കോട് സ്വാഗതവും സുനിത നന്ദിയും പറഞ്ഞു. അത്യുല്പാദനശേഷിയുള്ള സിന്ദൂര്‍ ജാക് ഫ്രൂട്ട്, വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ളി, ഗം ലെസ്സ് ജാക് ഫ്രൂട്ട്, കിലോ പേര, ഓള്‍ സീസണ്‍ മാംഗോ തുടങ്ങിയ ഫലവൃക്ഷത്തൈകളും ഇന്റര്‍ മംഗള, മോഹിത്ത് നഗര്‍ തുടങ്ങിയ കവുങ്ങിന്‍ തൈകളുടെയും വിതരണമാണ് നടന്നത്. ടീം ബേഡകം കുടുംബശ്രീ ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കാഞ്ഞിരത്തിങ്കാലില്‍ ഈ മാസത്തോട് കൂടി നഴ്‌സറി പ്രവര്‍ത്തനമാരംഭിക്കും. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. നഴ്‌സറി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വിപുലമായ രീതിയില്‍ എല്ലാത്തരം വിത്തുകളും തൈകളും വളങ്ങളുമൊക്കെ മിതമായ നിരക്കില്‍ ജനങ്ങളിലേക്കെത്തിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും സി ഡി എസ് ന്റെയും കുടുംബശ്രീ ജില്ല മിഷന്റെയും സഹകരണത്തോടെ ആരംഭിച്ച ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനിയാണ് ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്. 3200 സ്ത്രീകള്‍ ഓഹരി ഉടമകളായിട്ടുള്ള കമ്പനി ഇതിനകം തന്നെ വിവിധ സംരംഭങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.