ബീച്ച് റോഡില്‍ പാര്‍ക്കിങ് പരിഷ്‌കരണം

post

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും അനിയന്ത്രിതമായ വാഹനത്തിരക്കും ഗതാഗതതടസ്സങ്ങളും പതിവായതിനാല്‍ പ്രദേശത്ത് പാര്‍ക്കിങ് പരിഷ്‌കരണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവു അറിയിച്ചു. ഇനി മുതല്‍ ബീച്ചില്‍ വിനോദ പരിപാടികള്‍ നടത്തുന്നവര്‍ ഗതാഗതം നിയന്ത്രിക്കാനുള്ള വാര്‍ഡന്‍മാരുടെ സേവനം ഉറപ്പാക്കണം. 10 വാര്‍ഡന്‍മാരുടെയെങ്കിലും സേവനമില്ലാത്ത പരിപാടികള്‍ക്ക് ബീച്ചില്‍ അനുമതി ലഭിക്കില്ല. 

തിരക്ക് കൂടുന്ന ദിവസങ്ങളില്‍ ഗാന്ധി റോഡ് ജംഗ്ഷനിലും കോര്‍പ്പറേഷന്‍ ഓഫീസ് ജംഗ്ഷനിലും ആവശ്യമായ ട്രാഫിക് നിയന്ത്രണങ്ങളും ഗതാഗതം തിരിച്ചുവിടലും നടത്താന്‍ പോലീസിനെ ചുമതലപ്പെടുത്തി. പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കുന്നതിന് സൗത്ത് ബീച്ചില്‍ പോര്‍ട്ടിന്റെ അധീനതയിലുള്ള സ്ഥലത്ത് പാര്‍ക്കിങ് അനുവദിക്കും. പേ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ പോര്‍ട്ട് ഓഫീസറെ ചുമതലപ്പെടുത്തി.  ബീച്ച് റോഡില്‍ ഒരു നിരയിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും നിരോധിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ച് പിഴ ഈടാക്കുമെന്നും കലക്ടര്‍ അറിയിച്ചു.