അഴിക്കോട് ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

post

കാര്‍ഷിക പാരമ്പര്യ തനിമ ഓര്‍മപ്പെടുത്തി അഴിക്കോട് ഞാറ്റുവേല ചന്തയ്ക്ക് തുടക്കം. കേരളത്തിന്റെ തനത് കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ ഞാറ്റുവേലകളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഴീക്കോട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ചന്ത സംഘടിപ്പിച്ചത്.

അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കാര്‍ഷിക ഇന്‍ഷുറന്‍സും ഞാറ്റുവേല പ്രാധാന്യവും സംബന്ധിച്ച ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പച്ചക്കറി തൈകള്‍, ഫലവൃക്ഷ തൈകള്‍, തെങ്ങ്, അലങ്കാര ചെടികള്‍, വിത്തുകള്‍ തുടങ്ങിയവ ചന്തയില്‍ വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളും നടീല്‍ വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നതിനും ഇടനിലക്കാരില്ലാതെ ന്യായമായ വിലയ്ക്ക് വില്‍ക്കുന്നതിനും ചന്ത പ്രയോജനപ്പെടും.

ചന്തയ്ക്ക് മുന്നോടിയായി കൃഷിഭവന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലും കര്‍ഷകരുടെ യോഗം വിളിച്ചിരുന്നു. വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ ആഴ്ചച്ചന്തകള്‍ തുടങ്ങാനും പഞ്ചായത്തില്‍ 40 ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

കണ്ണൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ രാഖി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ റീന, പഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബി മുരളി കൃഷ്ണന്‍ , കൃഷി വര്‍ക്കിംഗ് ഗ്രൂപ്പ് അധ്യക്ഷന്‍ പി ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.