നടാല്‍ പ്രദേശത്തെ കൃഷിയും കുടിവെള്ളവും സംരക്ഷിക്കാന്‍ കുറ്റിക്കകം ബണ്ട് പാലം

post

നടാല്‍ പ്രദേശത്തെ കൃഷിയും കുടിവെള്ളവും സംരക്ഷിക്കാന്‍ ഇനി കുറ്റിക്കകം മുനമ്പ് ബണ്ട് പാലത്തിന്റെ കാവല്‍. കടലില്‍ നിന്നും നടാല്‍ തോടിലൂടെ ഉപ്പുവെള്ളം കയറുന്നത് തടയാന്‍ നിര്‍മ്മിച്ച ഉപ്പുവെള്ള പ്രതിരോധ ബണ്ട് ജൂലൈ രണ്ടിന് വൈകിട്ട് നാല് മണിക്ക് രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്യും.

1966ല്‍ ജലസേചന വകുപ്പ് കുറ്റിക്കകം മുനമ്പില്‍ നിര്‍മ്മിച്ച ബണ്ട് കാലപ്പഴക്കത്താല്‍ നശിച്ചിരുന്നു. ഇതോടെ ഇരു കരകളിലും ഉപ്പുവെള്ളം കയറി പാടങ്ങള്‍ കൃഷിയോഗ്യമല്ലാതായി. കിണറുകളില്‍ ഉപ്പിന്റെ കാഠിന്യം കൂടിയതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി. ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായാണ് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എയുടെ 2017-18 വര്‍ഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ജലസേചന വകുപ്പ് ബണ്ട് നിര്‍മ്മിച്ചത്. 99.9 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പ്രവൃത്തിക്ക് 95.11 ലക്ഷം രൂപയാണ് ചെവായത്.

നടാല്‍ തോടിനു കുറുകെയുള്ള 14 തൂണുകള്‍ക്കിടയിലെ 13 വെന്റുകളില്‍ ആധുനിക ഫൈബര്‍ ഷട്ടര്‍ ഒരുക്കിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മഴക്കാലം കഴിഞ്ഞ് ഷട്ടര്‍ അടക്കുന്നതോടെ മുകള്‍ഭാഗത്ത് ശുദ്ധജലം ശേഖരിക്കാനും നടാല്‍, ഈരാളിപ്പാലം, ചാലവയല്‍ പ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറുന്നത് തടയാനും കഴിയും. 38 മീറ്റര്‍ വീതിയും 2.5 മീറ്റര്‍ ഉയരവുമുള്ള ബണ്ടില്‍ ശേഖരിക്കുന്ന വെള്ളം പ്രദേശത്തെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. ഉപ്പുവെള്ളം തടയുന്നതോടെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും. ബണ്ടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച നടപ്പാലം ഇരുകരകളിലേക്കുമുള്ള യാത്ര എളുപ്പമാക്കും.