കലശമല ടൂറിസം: രണ്ടാം ഘട്ട വികസനം അതിവേഗത്തില്‍

post

കുന്നംകുളം മണ്ഡലത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ കലശമല ടൂറിസം പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് രണ്ടാം ഘട്ട വികസനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വികസന വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കലശമല ടൂറിസം പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എ സി മൊയ്തീന്‍ എം എല്‍ എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.


കലശമല ഇക്കോ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിന് ടൂറിസം വകുപ്പ് 10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതിനോടനുബന്ധമായുള്ള സ്ഥലം ഏറ്റെടുക്കുന്നതിനും ഈ പ്രദേശത്തേക്കുള്ള റോഡ് വികസിപ്പിക്കുന്നതിനുമായാണ് തുക അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) ജനറലിനെ തൃശൂര്‍ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു.


പദ്ധതിക്കുള്ള കണ്ടിജന്‍സി ചാര്‍ജായി 50 ലക്ഷം രൂപ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) ജനറലിന് കൈമാറിയിട്ടുണ്ട്. ഈ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിന് 2022 മാര്‍ച്ച് 31, ജൂണ്‍ 10 എന്നീ തീയതികളില്‍ ഗസറ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ചൊവ്വന്നൂര്‍, അകതിയൂര്‍ വില്ലേജിലെയും ചില സര്‍വ്വേ നമ്പരുകള്‍ അപേക്ഷയിലോ സര്‍ക്കാര്‍ ഉത്തരവിലോ ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്തതിനാല്‍ ഈ വിവരങ്ങള്‍ കൂടി ചേര്‍ത്ത് പുതിയ അപേക്ഷയും സര്‍ക്കാര്‍ ഉത്തരവും അടിയന്തിരമായി ലഭ്യമാക്കണമെന്ന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

കലശമലയിലെ രണ്ടാംഘട്ട വികസന പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടത്താനായി ജില്ലാ കലക്ടര്‍, രാജഗിരി ഔട്ട്‌റീച്ച് സൊസൈറ്റിയെ ചുമതലപ്പെടുത്തി തുടര്‍നടപടികള്‍ പുരോഗമിക്കുകയുമാണ്. വിനോദ സഞ്ചാര മേഖലയിലെ പ്രവൃത്തികളുടെ പ്രതിമാസ അവലോകന യോഗത്തിലും കലശമല വികസന പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിരുന്നു.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കലശമല ഇക്കോ ടൂറിസം സ്‌പോട്ട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറും. ആദ്യഘട്ടത്തില്‍ 2.20 കോടി രൂപ ചെലവില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയിരുന്നു. പാര്‍ക്കിംഗ്, എന്‍ട്രന്‍സ്, ഗേറ്റ് വേ, ടിക്കറ്റ് കൗണ്ടര്‍, പാത്ത് വ്യൂയിംഗ് ഗ്യാലറി, ടോയ്‌ലറ്റ്, കഫ്റ്റീരിയ, വ്യൂ പോയിന്റ്‌സ്, ഹെര്‍ബല്‍ ഗാര്‍ഡന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് ടാങ്ക്, സ്ട്രീറ്റ് ഫര്‍ണ്ണിച്ചര്‍, ഫെന്‍സിംഗ്, സൈനേജസ്, ഇലക്ട്രിഫിക്കേഷന്‍, പ്ലംമ്പിംഗ്, ഫയര്‍ ഫൈറ്റിംഗ് എന്നിവയായിരുന്നു ആദ്യഘട്ടത്തില്‍ നടപ്പാക്കിയത്.