കന്നുകുട്ടി പരിപാലനം, ഗോവര്‍ധിനി പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കി

post

പത്തനംതിട്ട: പശുക്കുട്ടികളെ ഉത്പാദന ക്ഷമതയുള്ളവയാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന കന്നുകുട്ടി പരിപാലനം, ഗോവര്‍ധിനി എന്നീ പദ്ധതികള്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. അജിലാസ്റ്റ് അറിയിച്ചു. പുതുതായി 1590 കന്നുകുട്ടികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കന്നുകുട്ടികളുടെ ശാസ്ത്രീയ പരിപാലനം ലക്ഷ്യമിട്ടാണ് ഗോവര്‍ധിനി പദ്ധതി നടപ്പാക്കുന്നത്. കാഫ് അഡോപ്ഷന്‍ പ്രോഗ്രാമിലൂടെ 453 കന്നുകുട്ടികളെ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുന്നതിന് 2021-22 സാമ്പത്തിക വര്‍ഷം സാധിച്ചു.

നാഷണല്‍ ലൈവ്‌സ്റ്റോക്ക് മിഷന്‍ കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ജില്ലയില്‍ ജനറല്‍, എസ്സി, എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെട്ട കര്‍ഷകരുടേതായി ഇന്‍ഷ്വറന്‍സ് നടപ്പാക്കി. ഒരു വര്‍ഷത്തേക്കും മൂന്നു വര്‍ഷത്തേക്കും ഇന്‍ഷ്വറന്‍സിനായി ജനറല്‍ വിഭാഗത്തിന് 446 (236326), എസ്സി വിഭാഗത്തിന് 38 (52153)എന്നിങ്ങനെയാണ് ടാര്‍ജറ്റ് നിശ്ചയിച്ചിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി മിഷന്‍ നന്ദിനി 2021-22 പദ്ധതി നടത്തിപ്പില്‍ കന്നുകാലികളിലെ വന്ധ്യതാ നിവാരണ ക്യാമ്പിന്റെ ഭാഗമായി 1,99,946 രൂപ വിനിയോഗിച്ചു. പ്രത്യേക കേന്ദ്ര സഹായത്തോടെയുള്ള പട്ടികജാതി ഉപ പദ്ധതി പ്രകാരം 2020-21 സ്പില്‍ ഓവറില്‍ ഉള്‍പ്പെടുത്തി ആടുവളര്‍ത്തലിന് 108 യൂണിറ്റിന് 10,80,000 രൂപയും, 200 യൂണിറ്റ് താറാവ് പദ്ധതിക്കായി 1,20,000 രൂപയും, 210 യൂണിറ്റ് മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിക്കായി 1,26,000 രൂപയും, 2021-22 സാമ്പത്തിക വര്‍ഷം 240 യൂണിറ്റ് ആടുവളര്‍ത്തല്‍ പദ്ധതിക്കായി 24,00,000 രൂപയും, 250 യൂണിറ്റ് മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിക്കായി 1,50,000 രൂപയും ചെലവഴിച്ചു.

കേരള പുനര്‍നിര്‍മാണം 2021-22 പദ്ധതി നിര്‍വഹണത്തിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പശു, പശു കിടാവ്, പശുക്കുട്ടി വളര്‍ത്തല്‍, കിടാരി വളര്‍ത്തല്‍, കാലിത്തീറ്റ സബ്‌സിഡി, വാണിജ്യ ഡയറി ഫാമുകള്‍ക്ക് യന്ത്രവത്ക്കരണ പിന്തുണ, തീറ്റപുല്‍ വികസനം, ആട്, താറാവ് വളര്‍ത്തല്‍ തുടങ്ങിയ 10 പദ്ധതിയിനങ്ങളിലായി 1,59,10,020 രൂപയാണ് ചെലവഴിച്ചത്. പ്രകൃതി ക്ഷോഭങ്ങളിലും മറ്റും കന്നുകാലികളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര ഇനത്തില്‍ 7,28,200 രൂപ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വിനിയോഗിച്ചു. 2021ലെ വെള്ളപ്പൊക്ക ദുരിതാശ്വാസയിനത്തില്‍ 28,07,195 രൂപ കാലിത്തീറ്റ വിതരണം, ക്യാമ്പ്, വളര്‍ത്ത് മൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം എന്നീ ഇനങ്ങളിലായി വിനിയോഗിച്ചു. കോവിഡ് ബാധിതരായിട്ടുള്ള കര്‍ഷകരുടെ വളര്‍ത്ത് മൃഗങ്ങള്‍ക്കുള്ള തീറ്റ വിതരണത്തിനായി 2,00,000 രൂപയും വിനിയോഗിച്ചു.