പേവിഷബാധ പ്രതിരോധം : സ്പെഷ്യൽ സ്‌കൂൾ അസംബ്ലിയും ബോധവൽക്കരണവും സംഘടിപ്പിച്ചു

പേവിഷബാധ പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി ജില്ലയിൽ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ സ്പെഷ്യൽ അസംബ്ലിയും ബോധവൽക്കരണവും സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി വിഷയാവതരണം നടത്തി. പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് മാർഗനിർദേശം നൽകുന്ന ലഘുലേഖ പ്രകാശനം ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ നിർവഹിച്ചു.
മൃഗങ്ങളുടെ കടിയേറ്റാൽ പ്രഥമ ശുശ്രൂഷയും വാക്‌സിനും പ്രധാനമാണ്. കടിയേറ്റാൽ കുട്ടികൾക്ക് പെട്ടെന്ന് രോഗബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ കടിയോ മാന്തലോ പോറലോ ഏറ്റാൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നൽകേണ്ട പ്രഥമ ശുശ്രൂഷ, വാക്‌സിനേഷൻ, മൃഗങ്ങളോട് ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റി കുട്ടികൾക്കും അധ്യാപകർക്കും ബോധവൽക്കരണം
നൽകി. പേ വിഷബാധ, പുകയില വിരുദ്ധ ബോധവൽക്കരണ പ്രവർത്തനം എന്നിവയുടെ ഭാഗമായി വിദ്യാർഥികൾ തീം ഡാൻസും സൂംബയും അവതരിപ്പിച്ചു.
ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എസ് സേതുലക്ഷ്മി, ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ എസ് ശ്രീകുമാർ, മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്‌കറിയ, പ്രധാനധ്യാപിക മിനി തോമസ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ബിജു ഫ്രാൻസിസ്, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.