പ്രവാസികളെ സംരംഭകത്വത്തിന് സജ്ജരാക്കി നോർക്ക റൂട്ട്സ് ശിൽപശാല

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ ബി എഫ് സി) ആഭിമുഖ്യത്തിൽ കോഴഞ്ചേരി മാരാമൺ മാർത്തോമാ റിട്രീറ്റ് സെന്ററിൽ പ്രവാസികൾക്കും നാട്ടിൽ എത്തിയവർക്കുമായി സൗജന്യ ഏകദിന സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. 70 പേരെ സംരംഭം തുടങ്ങുന്നതിന് സജ്ജരാക്കി. പ്രവാസത്തിനു ശേഷം മടങ്ങി എത്തിയവരാണ് പങ്കെടുത്ത എല്ലാവരും. നാട്ടിൽ സ്വന്തം നിലയിൽ സ്ഥിര വരുമാനം ലഭിക്കുന്ന സംരംഭം ആരംഭിക്കണമെന്ന ആഗ്രഹത്തിലാണ് 70 പേരും ശിൽപശാലയിൽ പങ്കെടുത്തത്. ഓരോ വ്യക്തിയും ആഗ്രഹിച്ച സംരംഭം തുടങ്ങുന്നതിന് ആവശ്യമായ അറിവ് പകർന്നു നൽകിയതിനൊപ്പം, വിവിധ സഹായങ്ങളും സേവനങ്ങളും എവിടെ നിന്നൊക്കെ ലഭിക്കാം എന്ന മാർഗനിർദേശവും ലഭ്യമാക്കി.
നോർക്ക റൂട്ട്സ് ജനറൽ മാനേജർ ടി. രശ്മി ശിൽപശാല ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ. അനിൽകുമാർ അധ്യക്ഷനായി. നോർക്ക റൂട്ട്സ് എൻ ബി എഫ് സി പ്രോജക്ട്സ് മാനേജർ കെ.വി. സുരേഷ് മാർഗനിർദേശ ക്ലാസ് നയിച്ചു. കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ജോർജ് വർഗീസ്, നോർക്ക റൂട്ട്സ് പി ആർ ഒ സി. മണിലാൽ എന്നിവർ പങ്കെടുത്തു.
സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്ട് റിപ്പോർട്ട് തയാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടൽ ഉൾപ്പെടെ പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അറിവു പകരുന്ന നിരവധി വൈവിധ്യം നിറഞ്ഞ സെഷനുകൾ ഉൾപ്പെടുത്തിയാണ് ശിൽപശാല സംഘടിപ്പിച്ചത്. സംസ്ഥാനത്ത് പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലക സംവിധാനമാണ് എൻ ബി എഫ് സി. പ്രവാസികൾക്കായി എല്ലാ മാസവും ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനവും (റെസിഡൻഷ്യൽ), തിരുവനന്തപുരം നോർക്ക സെന്ററിൽ എല്ലാ പ്രവൃത്തി ദിനങ്ങളിലും നോർക്ക ബിസിനസ് ക്ലിനിക്ക് സേവനവും എൻ ബി എഫ് സി വഴി പ്രവാസികൾക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.