സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന് ഇനി ഇലക്ട്രിക് ബസുകളും

post

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന് ഇനി പുതിയതായി എത്തിയ ഇലക്ടിക് ബസുകളും ഉപയോഗിക്കും. ഇതിനായി കെഎസ്ആര്‍ടിസി - സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളില്‍ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം നഗരത്തിലെ മുഴുവന്‍ ബസുകളും കാലക്രമേണ ഇലക്ട്രിക് ബസുകളിലേക്ക് മാറ്റാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്. ആദ്യ ഘട്ടത്തിലെ 50 ബസുകള്‍ക്കുള്ള ടെണ്ടറില്‍നിന്ന് 25 ബസുകള്‍ തയ്യാറായതില്‍ ആദ്യ അഞ്ച് ബസുകളാണ് തലസ്ഥാനത്ത് എത്തിയത്. 5 ബസുകള്‍ കൂടെ ശനിയാഴ്ച എത്തിച്ചേരും, ബാക്കി 15 ബസുകള്‍ തിങ്കളാഴ്ച ഹരിയാനയില്‍ നിന്നും തിരിക്കും. രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് ഈ ബസുകള്‍ ഉടന്‍ സര്‍വ്വീസിന് ഇറക്കും.

9 മീറ്റര്‍ നീളമാണ് ഇലക്ട്രിക് ബസുകള്‍ക്കുള്ളത്. രണ്ട് മണിയ്ക്കൂര്‍ കൊണ്ടുള്ള ഒറ്റ ചാര്‍ജിങ്ങില്‍ തന്നെ 120 കിലോമീറ്റര്‍ മൈലേജ് ആണ് പ്രതീക്ഷിക്കുന്നത്. 30 സീറ്റുകളാണ് ഉള്ളത്. യാത്രക്കാര്‍ക്ക് മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം, അഞ്ച് സിസിടിവി ക്യാമാറയുടെ നിരീക്ഷണം, യാത്രക്കാര്‍ക്ക് എമര്‍ജന്‍സി അലര്‍ട്ട് ബട്ടന്‍ എന്നിങ്ങനെയുള്ള ആധുനിക സൗകര്യങ്ങള്‍ ബസില്‍ ഉണ്ട്.

നിലവില്‍ സിറ്റി സര്‍വ്വീസിനുപയോരിക്കുന്ന ഡീസല്‍ ബസുകള്‍ 37 രൂപയാണ് ഒരു കിലോമീറ്റര്‍ സര്‍വ്വീസിന് ചിലവ്. ഇലക്ട്രിക് ബസിലേക്ക് മാറുമ്പോള്‍ 20 രൂപയില്‍ താഴെയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. സിറ്റി സര്‍ക്കുലര്‍ സര്‍വീസില്‍ ജൂണ്‍ 30 വരെ 10 രൂപയ്ക്ക് ഒരു സര്‍ക്കിളില്‍ യാത്ര ചെയ്യാം. അത് 3 മാസം കൂടി നീട്ടുകയാണ്. എല്ലാ സര്‍ക്കുലറിലും ഒരു മാസം യാത്ര ചെയ്യാവുന്ന സീസണ്‍ ടിക്കറ്റും ഉടന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

bus