ഭൂരഹിത പുനരധിവാസ പദ്ധതി: 224 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിന് 8,61,10,500 രൂപ വിനിയോഗിച്ചു

post

പത്തനംതിട്ട: ജില്ലയില്‍ ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം 2021-22 സാമ്പത്തികവര്‍ഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 224 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിനായി 8,61,10,500 രൂപ വിനിയോഗിച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആര്‍. രഘു അറിയിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹധനസഹായമായി 544 പേര്‍ക്ക് 4,07,75,000 രൂപയും പട്ടികജാതി വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാധനസഹായമായി 560 പേര്‍ക്ക് 1,06,18,576 രൂപയും നല്‍കി.

പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭവന നിര്‍മാണം, പഠനമുറി നിര്‍മാണം, ടോയ്ലറ്റ് നിര്‍മാണം, ഭവന പുനരുദ്ധാരണം, കൃഷിഭൂമി എന്നീ പദ്ധതികള്‍ പ്രകാരം 20,75,000 രൂപ വിനിയോഗിച്ചു.

അതിക്രമത്തിനിരയാകുന്ന വ്യക്തികള്‍ക്കും ആശ്രിതര്‍ക്കും ആശ്വാസവും പുനരധിവാസവും ലഭ്യമാക്കുന്ന പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷം 33 പേര്‍ക്ക് 98,52,240 രൂപ നല്‍കി.

അംബേദ്ക്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം ജില്ലയില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന എട്ടു കോളനികളെ തെരഞ്ഞെടുക്കുകയും ഈ കോളനികളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ഒരു കോടി രൂപ വീതം എട്ടു കോടി രൂപ അനുവദിച്ചു.

പട്ടികജാതി വിഭാഗം പെണ്‍കുട്ടികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് മുഖേന ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്നതിനുളള പദ്ധതിയാണ് വാത്സല്യനിധി. നാലു ഗഡുക്കളായി പെണ്‍കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ കാലയളവില്‍ 1,38,000 രൂപ നിക്ഷേപിക്കുകയും പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ 3,00,000 രൂപയില്‍ കുറയാത്ത തുക അനുവദിക്കുകയും ചെയ്യുന്നു.