മത്സ്യവിൽപ്പനയ്ക്ക് സൗജന്യ യാത്ര ഒരുക്കി സമുദ്ര ബസ്

post

സ്ത്രീകൾക്കായ്: 19


---

മത്സ്യ വിൽപ്പനക്കാരായ സ്ത്രീകൾക്ക് അവരുടെ സൗകര്യാർത്ഥം സൗജന്യ ബസ് യാത്രയ്ക്ക് അവസരമൊരുക്കി ഫിഷറീസ് വകുപ്പ്. കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ചാണ് സമുദ്ര പദ്ധതി നടപ്പാക്കുന്നത്. മത്സ്യ വിപണന സൗകര്യം കൂടി പരിഗണിച്ചാണ് ബസ് കടന്നുപോകുന്ന റൂട്ടുകൾ ക്രമീകരിക്കുന്നത്. നിലവിൽ മൂന്ന് ലോഫ്‌ളോർ ബസുകളാണ് കെഎസ്ആർടിസി സമുദ്ര പദ്ധതിക്കായി തയ്യാറാക്കിയിട്ടുള്ളത്. വിഴിഞ്ഞത്ത് നിന്ന് രണ്ടും പൂന്തുറയിൽ നിന്ന് ഒന്ന് വീതവും ബസുകളിൽ 15 മുതൽ 40 വരെ മത്സ്യവിപണന തൊഴിലാളികൾ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.


ഡീസൽ, സ്‌പെയർപാർട്‌സ്, ജീവനക്കാരുടെ ശമ്പളം എന്നീ ഇനങ്ങളിലായി ഒരു ബസിന് പ്രതിവർഷം 24 ലക്ഷം രൂപ എന്ന കണക്കിൽ മൂന്ന് ബസുകൾക്ക് 72 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് നൽകുന്നു. മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് പലപ്പോഴും ബസുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യുമ്പോൾ അമിത കൂലി ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. ഇത്തരം യാത്രാക്ലേശങ്ങൾക്ക് പരിഹാരം കാണാൻ സമുദ്രയിലൂടെ കഴിയുന്നുണ്ട്.


ഫിഷിംഗ് ഹാർബറുകളിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്ക് രാവിലെ ആറ് മുതൽ 10 വരെയുള്ള സമയത്താണ് സർവീസുകൾ നടത്തുക. 24 പേർക്ക് ഒരു ബസിൽ യാത്ര ചെയ്യാൻ കഴിയും. മത്സ്യക്കെട്ടുകൾ സൗകര്യപ്രദമായി പുറത്തു നിന്ന് ലോഡ് ചെയ്യാവുന്ന വിധത്തിലുള്ള റോൾ പ്ലാറ്റ്‌ഫോം, ക്യാമറയിലൂടെ നിരീക്ഷിച്ച് ഡ്രൈവർ ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകൾ, മ്യൂസിക്ക് സിസ്റ്റം, റിയർ ക്യാമറ, ഉപ്പു കലർന്ന ജലം സംഭരിക്കുന്നതിന് സംഭരണ ടാങ്ക് എന്നീ സൗകര്യങ്ങളും ബസുകളിൽ ഒരുക്കിയിട്ടുണ്ട്.


തിരുവനന്തപുരം ജില്ലയുടെ തീരമേഖലയിൽ നിന്ന് നഗരത്തിലേക്ക് മത്സ്യക്കച്ചവടത്തിന് ഏകദേശം 400 സ്ത്രീകൾ എത്തുന്നുണ്ടെന്നാണ് കണക്ക്. ഇവർ 285 മാർക്കറ്റുകളിലേക്ക് പോകുന്നുണ്ട്. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ തൊഴിൽ ജീവിത സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സമുദ്ര പദ്ധതി വളരെയധികം പ്രയോജനം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തനം മാതൃകയാക്കി വരുംവർഷങ്ങളിൽ പദ്ധതി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്