29ാം മൈല്‍ വെള്ളച്ചാട്ടത്തിന് പുതുമോടി

അഞ്ച് ലോഡ് മാലിന്യം നീക്കി; ഇനിയിവിടെ ചെണ്ടുമല്ലി പൂക്കള്‍ വിരിയും
കണിച്ചാര്‍ ഗ്രാമപഞ്ചായത്തിലെ ഏലപ്പീടിക 29ാം മൈല്‍ വെള്ളച്ചാട്ടം കാണാന്‍ ഇനി സഞ്ചാരികള്‍ക്ക് മൂക്കുപൊത്താതെ വരാം. വെള്ളച്ചാട്ടത്തിനു സമീപം തള്ളിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. വിനോദസഞ്ചാരികള്‍ക്കായി ഇവിടെയിനി ചെണ്ടുമല്ലി പൂക്കള്‍ വിരിയും. ജില്ലാപഞ്ചായത്തിന്റെയും കണിച്ചാര്‍ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ചെണ്ടുമല്ലി തൈകള്‍ വെച്ച് പിടിപ്പിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ജൂണ്‍ 23ന് രാവിലെ 10ന് നടക്കും.
കണ്ണൂര്‍-വയനാട് റൂട്ടിലെ പ്രധാന വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് 29ാം മൈല്‍ വെള്ളച്ചാട്ടം. എന്നാല്‍ ഇവിടെ മാലിന്യം തള്ളുന്നത് പതിവായതോടെ ദുര്‍ഗന്ധം കാരണം സഞ്ചാരികള്‍ വരാതെയായി. ഇതോടെയാണ് പഞ്ചായത്ത് നടപടിയുമായി രംഗത്ത് വന്നത്. 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രദേശത്ത് നിന്നും അഞ്ച് ലോഡ് മാലിന്യം നീക്കി. ഹരിത കര്‍മസേന, വിവിധ ക്ലബുകള്‍, യുവജന സംഘടനകള്‍, വനംവകുപ്പ്് അധികൃതര്‍, എസ് പി സി കേഡറ്റുകള്‍, എന്‍ എസ് എസ് വളിയര്‍മാര്‍ തുടങ്ങിയവരാണ് ശുചീകരണത്തിനായി കൈകോര്‍ത്തത്. ശേഖരിച്ച മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. ഇനി ഇവിടെ അഞ്ഞൂറോളം ചെണ്ടുമല്ലി തൈകളാണ് വെച്ചുപിടിപ്പിക്കുക. മാലിന്യം തള്ളുന്നതിന് തടയിടാനും സൗന്ദര്യവത്കരണത്തിന്റെയും ഭാഗമായാണ് തൈകള്‍ വെച്ചുപിടിപ്പിക്കുന്നത്. പരിപാലന ചുമതല പഞ്ചായത്ത് ഏറ്റെടുക്കും. ശുചീകരണത്തിന് ഒന്നര ലക്ഷം രൂപ ചെലവായതായി പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ പറഞ്ഞു. മാലിന്യം വെള്ളച്ചാട്ടത്തിനു സമീപത്തെ മിനി എം സി എഫിലോ ബോട്ടില്‍ ബൂത്തിലോ നിക്ഷേപിക്കണം. ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. നിലവില്‍ മൂന്നുപേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. പ്രദേശത്ത് സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു.