പരസ്പര ബന്ധത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും മാതൃകയാണ് കേരളം

സ്നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറി
പരസ്പര ബന്ധത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും മാതൃകയാണ് കേരളമെന്ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു.കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് കാസര്‍കോട് ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച സ്നേഹ ഭവനത്തിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുക്കുള്ളതിന്റെ ചെറിയൊരു പങ്ക് മറ്റുള്ളവര്‍ക്ക് നല്‍കുന്നത് ചെറിയ കാര്യമല്ല. പരസ്പര ബന്ധത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും വലിയൊരു മാതൃകയാണ് കേരളം.
വളരെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളാ സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. കുട്ടികളില്‍ സാമൂഹ്യബോധം ഉണ്ടാക്കുന്നതിനും ചിട്ടയുണ്ടാക്കുന്നതിനും സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സഹായിക്കുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് മറ്റുള്ളവരെ സഹായിക്കാന്‍ ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങിയതും കേരളത്തിലാണ്. മറ്റുള്ളവരെ സഹായിക്കാന്‍ കേരളത്തില്‍ നിരവധി സന്നദ്ധ സംഘടനകള്‍ തയ്യാറാകുന്നു എന്നത് വളരെ എടുത്തു പറയേണ്ട ഒന്നാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതിയായ മനസ്സോടിത്തിരി മണ്ണ് പദ്ധതിയില്‍ നിരവധിയാളുകളാണ് മറ്റുള്ളവര്‍ക്ക് സ്ഥലം നല്‍കാന്‍ തയ്യാറായി മുന്നോട്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷനായി. ജില്ലയിലെ മൂന്ന് ഉപജില്ല സ്‌കൂളുകളായ കാസര്‍കോട് ഉപജില്ലയിലെ ജി എച്ച് എസ് എസ് ബന്തടുക്ക, കുമ്പള ഉപ ജില്ലയിലെ എസ് എസ് എച്ച് എസ് എസ് ഷെണി, മഞ്ചേശ്വരം ഉപ ജില്ലയിലെ എസ് എസ് ബി എ യൂ പി എസ് ഐല എന്നീ സ്‌കൂളിലെ ഓരോ കുട്ടികള്‍ക്കാണ് സ്നേഹ ഭവനം നിര്‍മ്മിച്ചു നല്‍കിയത്. നാലാമത്തെ സ്നേഹ ഭവനത്തിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി. നാലാമത്തെ സ്നേഹഭവനം കാസര്‍കോട് മണ്ഡലത്തിലെ ഉക്കിനടുക്കയിലാണ്. ഗൈഡ് അധ്യാപിക കെ. ഭാര്‍ഗവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെ എസ് ബി എസ് ജി സ്റ്റേറ്റ് സെക്രട്ടറി എന്‍. കെ. പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി. എം എല്‍ എ മ്മാരായ എന്‍. എ. നെല്ലിക്കുന്ന്, എ കെ എം അഷ്റഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവര്‍ മുഖ്യാതിഥികളായി. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുബ്ബണ്ണ ആല്‍വ, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, ഏന്മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ. എസ്. സോമശേഖര, ഉപ ജില്ലാ എ ഇ ഒ മാരായ യതീഷ് കുമാര്‍ റൈ, വി. ദിനേശ, പി. പ്രശാന്ത്, എന്നിവര്‍ സംസാരിച്ചു. ഡി ഇ ഒ ആന്‍ഡ് ജില്ലാ, ചീഫ് കമ്മിഷണര്‍ എന്‍. നന്ദികേശന്‍ സ്വാഗതവും കാസറഗോഡ് എ ഇ ഒ ആഗസ്റ്റിന്‍ ബെര്‍നാട് നന്ദിയും പറഞ്ഞു.
200 വീടുകളാണ് കേരളത്തില്‍ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഇതുവരെ നിര്‍മ്മിച്ചു നല്‍കിയത്. ജില്ലയില്‍ 7 വീടുകളാണ് നിര്‍മ്മിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 500 സ്‌ക്വയര്‍ ഫീറ്റുകളുള്ള 3 വീടുകളും 4 മാസം കൊണ്ടാണ് പൂര്‍ത്തികരിച്ചത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 4 വീടുകളും നിര്‍മ്മിച്ചിട്ടുണ്ട്.