ആരോഗ്യ ജാഗ്രത: വാര്‍ഡ് തല സമിതികള്‍ ശക്തിപ്പെടുത്തണം: മന്ത്രി എ.സി. മൊയ്തീന്‍
 
                                                തൃശൂര്‍ : പകര്‍ച്ചവ്യാധി പ്രതിരോധ, നിയന്ത്രണ പരിപാടികള്‍ താഴേ തട്ടില്‍ എത്തണമെന്നും ഇതിനായി വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരാഗ്യ വകുപ്പ് ആര്‍ദ്രം മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ഒരു വര്‍ഷം മുഴുവന്‍ നടപ്പിലാക്കുന്ന ആരോഗ്യജാഗ്രതാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുളങ്കുന്നത്തുകാവ് കിലയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് മുഖ്യ ആരോഗ്യപ്രശ്‌നമായി മാറുന്നത് കൊതുകുജന്യരോഗങ്ങളും ജലജന്യരോഗങ്ങളുമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനെതിരെ വര്‍ഷം മുഴുവന്‍ ജാഗ്രത പുലര്‍ത്തണം. കൊറോണ വൈറസ് ബാധ പോലുള്ള പുതിയ വെല്ലുവിളികളെ നേരിട്ട് വലിയ വിജയം വരിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. കൊറോണ രോഗബാധയുടെ ആദ്യഘട്ടത്തില്‍തന്നെ ഇടപെടാനും ബോധവത്കരണത്തില്‍ ജനങ്ങളെ അണിനിരത്താനുമായി. പകര്‍ച്ചവ്യാധികളെ നേരിടാന്‍ ആരോഗ്യ ജാഗ്രതാ കലണ്ടറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
സംസ്ഥാനത്ത് ഭൂഭര്‍ഭജലം ഉള്‍പ്പെടെ കുടിവെള്ള സ്രോതസ്സുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി കക്കൂസ് മാലിന്യം ടാങ്കറുകളില്‍ ശേഖരിച്ച് തള്ളുന്ന പ്രവണതയാണ്. ഇത്തരം ടാങ്കര്‍ ലോറികള്‍ പ്രത്യേക രജിസ്ട്രര്‍ ചെയ്യണം. ഇവയ്ക്ക് മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഉണ്ടോയെന്ന് അറിയണം. തദ്ദേശ സ്ഥാപനങ്ങള്‍ കക്കൂസ് മാലിന്യ സംസ്‌കരണത്തിന് സ്ഥലം നല്‍കിയാല്‍ സംസ്ഥാന സര്‍ക്കാര്‍ മാലിന്യ സംസ്‌കരണ ശാല സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിന് പുറമെ അഞ്ച് കോടി രൂപ കൂടി നല്‍കും.
സ്‌കൂളുകളിലും ബസ്സ്റ്റാന്റുകളിലും ഉള്‍പ്പെടെ പൊതു കക്കൂസുകളിലെ ശുചീകരണം ഉറപ്പുവരുത്തണം. ഓടകള്‍, കാനകള്‍ എന്നിവ ശുചിയാക്കണം. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഒരു തവണ ഉപയോഗിക്കാനാവും. ഇത്തരം പ്രവൃത്തികള്‍ നടത്തുമ്പോള്‍ തൊഴിലാളികളുടെ ആരോഗ്യപരമായ സുരക്ഷിത്വം ഉറപ്പാക്കണം. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത നമുക്കുണ്ട് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.
പാതയോരങ്ങളില്‍ കച്ചവടം നടത്തുന്നവരെ വിളിച്ചുചേര്‍ത്ത് ഭക്ഷ്യഗുണനിലവാരം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് ബോധ്യപ്പെടുത്തണം. നഗരങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്ന സ്രോതസ്സുകള്‍, ടാങ്കറുകള്‍ എന്നിവയുടെ ശുചിത്വം ഉറപ്പുവരുത്തണം. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പരിസര ശുചീകരണം നടത്താനും മന്ത്രി നിര്‍ദേശിച്ചു. ആരോഗ്യ ജാഗ്രതയ്ക്ക് വിവിധ വകുപ്പുകളുടെ ഫലപ്രദമായ ഏകോപനം ഉണ്ടാവണം. സ്‌കൂളുകളില്‍ ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട് കുടിവെള്ള പരിശോധന ലാബുകള്‍ സജ്ജമാക്കണം മന്ത്രി പറഞ്ഞു.










