കാലവര്‍ഷകാറ്റും ചക്രവാത ചുഴിയും : സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യത

post


ശ്രീലങ്കക്ക് മുകളിലും സമീപ പ്രദേശങ്ങളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും അറബികടലില്‍ നിന്ന് കേരള തീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെയും സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത. ഇന്നും (ജൂണ്‍ 4) നാളെയും ജൂണ്‍ എട്ടിനും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

**കേരള തീരത്ത് ഇന്നും (ജൂണ്‍ 4) ജൂണ്‍ ഏഴ്, എട്ട് തീയതികളിലും മത്സ്യബന്ധനം പാടില്ല. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും(ജൂണ്‍ 4), ജൂണ്‍ ഏഴ്, എട്ട് തീയതികളിലും മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്നും(ജൂണ്‍ 4) നാളെയും തെക്ക് കിഴക്കന്‍ അറബിക്കടല്‍, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്നാട് തീരം അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍ മധ്യ-കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചിലയവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.