പൊതുവിദ്യാലയങ്ങളുടെ മികവ് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നു

post


അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചതും പഠന രീതിയിലെ ഗുണകരമായ മാറ്റവും പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മുട്ടറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശന ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധികള്‍ക്കു ശേഷം സ്‌കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസ മേഖലയില്‍ വലിയ ഉണര്‍വാണ് ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്ന പ്രവണതയാണ് പൊതുവേ കാണുന്നത്.


എല്ലായിടത്തും മികച്ച സൗകര്യങ്ങളുള്ള സ്‌കൂളുകള്‍ സജ്ജീകരിക്കുന്നതിനും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനുമുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. കോവിഡ് പ്രതിസന്ധിക്കു ശേഷം ആരോഗ്യകരമായസാമൂഹിക ഇടപെടലുകള്‍ ശീലിക്കുന്നതിനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് വീണ്ടും കൈവന്നിരിക്കുന്നത്. ഇത് സന്തോഷകരമായ അവസരമാണ്. നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് സാമൂഹികപ്രതിബദ്ധതയും കര്‍മ്മശേഷിയുമുള്ള മികച്ച തലമുറയെ സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാതിഥിയായിരുന്നു.

ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ പ്രവേശനോത്സവ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍ ചൈല്‍ഡ് ലൈന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ -ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി. കെ. ഗോപന്‍ കിഡ്സ് ലൈബ്രറി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍ 'എന്റെ ചിത്രം എന്റെ നോട്ട് ബുക്ക്' പ്രകാശനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജി.കെ ഹരികുമാര്‍ പഠനോപകരണം വിതരണം നടത്തി .