ഭൂരഹിതര്‍ ഇല്ലാത്ത കേരളം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കും

post

ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുനലൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പട്ടയ മേളയുടെ സംസ്ഥാനതല സമാപനവും ജില്ലാതല പട്ടയ മേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുന്നതിനായി കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്താകെ 2,34,567 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇപ്പോഴത്തെ മന്ത്രിസഭയുടെ ഒരു വര്‍ഷത്തിനകം 54,539 പട്ടയങ്ങള്‍ ആണ് വിതരണം ചെയ്തത്. ഇത് ചരിത്രനേട്ടമാണ്. ആറു വര്‍ഷം കൊണ്ട് 2,96,008 വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനും സാധിച്ചു. ജീവിത യോഗ്യമായ ഭൂമി സര്‍ക്കാര്‍-പൊതു- സ്വകാര്യ ആവശ്യങ്ങള്‍ക്കായി കൃത്യമായി ആസൂത്രണം ചെയ്ത് വിനിയോഗിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികളും കാര്യക്ഷമമായി മുന്നോട്ട് പോകുകയാണ്. ഭൂമിയുടെ റീസര്‍വെ നടത്തുന്നതും ഓണ്‍ലൈന്‍ സേവനങ്ങള്‍ വികസിപ്പിച്ച് ഇ-പട്ടയം അടക്കമുള്ളവ നടപ്പാക്കുന്നതിന്റെ ലക്ഷ്യവും ഇതു തന്നെ.

വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരെയും വഴിയാധാരം ആക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. വികസനപ്രവര്‍ത്തനങ്ങളില്‍ വീടും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട പുനരധിവാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ സമീപനം. ഒരു പ്രദേശത്തെ പട്ടയ വിതരണത്തിന് തടസ്സമായ കാരണങ്ങള്‍, ഭൂരഹിതരുടെ എണ്ണം, ഭൂമിയുടെ ലഭ്യത എന്നിവയുള്ള ഡാഷ് ബോര്‍ഡുകള്‍ തയ്യാറാക്കും. ലാന്‍ഡ് ബോര്‍ഡുകളില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ നാല് സോണുകളായി തിരിച്ച് നടപടി സ്വീകരിക്കും. ഒരു വ്യക്തിയുടെ പേരിലുള്ള സ്ഥലത്തിന് ഒറ്റ തണ്ടപ്പേര്‍ നല്‍കുന്ന നടപടി, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ പ്രകാരം ഭൂമി തരം മാറ്റുന്നതിനുള്ള കാലതാമസം പരിഹരിക്കാനുള്ള നടപടി എന്നിവയും നടപ്പാക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം ജില്ലാതല പട്ടയമേളയുടെ ഭാഗമായി 1,111 പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. റവന്യൂ മന്ത്രി കെ. രാജന്‍ അധ്യക്ഷനായി. ആദിവാസി മേഖലയിലുള്ളവര്‍ക്ക് ഭൂമി നല്‍കുന്നതിനാണ് അടുത്തഘട്ടത്തില്‍ മുഖ്യപരിഗണന നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു.

ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി എന്നിവര്‍ മുഖ്യാതിഥികളായി. എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി, എം.എല്‍.എമാരായ പി. എസ്. സുപാല്‍, ഡോ. സുജിത്ത് വിജയന്‍ പിള്ള, പി. സി. വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, മുന്‍ മന്ത്രി കെ. രാജു, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.