കുട്ടികളെ വരവേല്‍ക്കാനൊരുങ്ങി ജില്ലയിലെ വിദ്യാലയങ്ങള്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

post



**പ്രവേശനോത്സവം ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ഒരാഴ്ച ശേഷിക്കെ അവസാനവട്ട ഒരുക്കത്തിലാണ് ജില്ലയിലെ വിദ്യാലയങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയിലാകെയുള്ള 997 സ്‌കൂളുകളിലും ക്ലാസ് മുറികളും പരിസരങ്ങളും ശുചിയാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അതേ ദിവസം സബ് ജില്ലാതലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കും.  


സ്‌കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. ജില്ലയില്‍ 3,28,000 ത്തിലധികം കുട്ടികളാണ് ഈ വര്‍ഷം വിദ്യാലയങ്ങളിലേക്ക് എത്തുന്നത്. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷവും കൂടുതല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ചേരുന്നതായാണ് വ്യക്തമാകുന്നതെന്നും സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പുതന്നെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുമന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടുണ്ട്. ഭൂരിഭാഗം സ്‌കൂളുകള്‍ക്കും ഇതിനോടകം ഫിറ്റ്നസ് ലഭിച്ചുകഴിഞ്ഞു. ബാക്കിയുള്ള സ്‌കൂളുകളില്‍ പരിശോധന നടത്തി മെയ് 31 നകം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

സര്‍ക്കാര്‍ സ്‌കൂളുകളില്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും ഇഴജന്തുക്കള്‍ കയറിയിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവ അണുവിമുക്തമാണെന്ന് ഉറപ്പാക്കാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തണം. ഇന്നും(മെയ് 26) നാളെയുമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളും സന്ദര്‍ശിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും.


 സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 31 ന് മുന്‍പായി നേടിയിരിക്കണം. പൊലീസ് ക്ലിയറന്‍സ് ലഭിച്ചവരെ മാത്രമേ സ്‌കൂള്‍ വാഹനങ്ങളില്‍ ഡ്രൈവര്‍മാരായി നിയമിക്കാവൂ എന്ന നിര്‍ദ്ദേശം വിദ്യാലയങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ മേലാധികാരികള്‍ ഇവ പരിശോധിച്ച് ഉറപ്പുവരുത്തണം. കെ.എസ്.ആര്‍.ടിസിയുമായി സഹകരിച്ച് കുട്ടികള്‍ക്ക് സ്‌കൂളുകളിലേക്ക് എത്താന്‍ വേണ്ട യാത്രാസൗകര്യങ്ങള്‍ ഒരുക്കണം. ട്രൈബല്‍ മേഖലയിലെ കുട്ടികള്‍ക്ക് യാത്രാസൗകര്യമൊരുക്കുന്ന ഗോത്രസാരഥി പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ വേണ്ട നടപടികളെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.    


സ്‌കൂളുകളുടെ പരിസരത്ത് ലഹരി വസ്തുക്കള്‍ വില്‍ക്കുകയും കുട്ടികള്‍ ഇവ ഉപയോഗിക്കുകയും ചെയ്യുന്നതിനെതിരെ എക്‌സൈസ്, പോലീസ് വകുപ്പുകളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്നും യോഗം നിര്‍ദേശിച്ചു.


സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി 12 മുതല്‍ 18 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള സൗകര്യങ്ങളൊരുക്കണമെന്ന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് വാക്‌സിനേഷന്‍ വിവരങ്ങള്‍ ശേഖരിക്കുകയും ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് അതിനുള്ള സാഹചര്യമൊരുക്കുകയും വേണം. ഇന്നും (മേയ് 26)നാളെയും 12 മുതല്‍ 18 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായി ജില്ലയില്‍ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം നടത്തുന്നുണ്ട്