കളിയും കളിപ്പാട്ട നിര്‍മ്മാണവുമായി മണലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മികവിന്റെ കേന്ദ്രം

post

കളിയും കളിപ്പാട്ട നിര്‍മ്മാണവുമായി മണലൂര്‍ 

ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മികവിന്റെ കേന്ദ്രം 

തൃശ്ശൂര്‍: സംസ്ഥാനത്തെ മികച്ച അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്‌കൂളുകളിലൊന്നായി മണലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. കളിയിലൂടെ വിദ്യാര്‍ത്ഥികളെ ഊര്‍ജ്ജസ്വലരാക്കി പഠനത്തിലും നേതൃപാടവത്തിലും സഹകരണ മനോഭാവത്തിലും മുന്‍പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ സ്‌കൂളില്‍ നടപ്പിലാക്കിയ കളിമുറ്റം പദ്ധതിയാണ് സ്‌കൂളിനെ മികച്ച വിദ്യാലയമായി തെരഞ്ഞടുക്കാന്‍ കാരണമായത്. മണ്‍മറഞ്ഞുപോയ ഗ്രാമത്തിലെ തനത് കളികളെ ഉണര്‍ത്തിയെടുത്ത് വിദ്യാര്‍ഥികളെ ശാരീരികവും മാനസികവുമായി ആരോഗ്യമുള്ളവരാക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 

കുട്ടികളിലെ കളിയോടുള്ള താത്പര്യം കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിശ്രമവേളകള്‍ കൂടുതല്‍ ഗുണപ്രദവും വിജ്ഞാനദായകവുമായി തീരുന്നു. കളി കുട്ടികളില്‍ അച്ചടക്കവും സഹകരണ മനോഭാവവും പഠനത്തോടുള്ള താത്പര്യവും ഉണ്ടാക്കുന്നുണ്ടെന്ന് അധ്യാപകര്‍ പറഞ്ഞു. പഠനത്തിന്റെ വിരസത ഇല്ലാതെ തന്നെ ഗണിതം, ശാസ്ത്രം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കുട്ടികള്‍ കളിയിലൂടെ മനസ്സിലാക്കുന്നു. കൂടുതല്‍ കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കാന്‍ ഈ പദ്ധതി കൊണ്ട് സാധിക്കുന്നു. സ്‌കൂളിന്റെയും അതിനുമപ്പുറം നാടിന്റെയും വികസനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രധാന അധ്യാപിക പറഞ്ഞു.

ഒഴിവ് സമയത്ത് കുട്ടികള്‍ തനതുകളിയായ തട കളിയിലും മറ്റ് നാടന്‍ കളികളിലും മുഴുകിയിരിക്കുന്നതും കളിപ്പാട്ട നിര്‍മ്മാണവും പാഴ് വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മ്മാണവും ഡോക്യൂമെന്ററിയുടെ ഭാഗമായി ചിത്രീകരിച്ചു. തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുലോചന, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹന്‍ ദാസ്, മണലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആര്‍ മോഹനന്‍, പ്രിന്‍സിപ്പല്‍ ഉഷ, പ്രധാന അധ്യാപിക രാജശ്രീ വി കെ, പി ടി എ അംഗങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ മികവുകളുടെ ഡോക്യുമെന്റേഷന്‍ ചിത്രീകരണത്തിന് നേതൃത്വം നല്‍കി. 

സംസ്ഥാനത്ത് 24 സ്‌കൂളുകളെയാണ് എസ് സി ഇ ആര്‍ ടി തിരഞ്ഞെടുത്. തൃശൂര്‍ ജില്ലയില്‍ നിന്ന് മണലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളും കോടാലി ഗവ. എല്‍.പി. സ്‌കൂളുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ അക്കാദമിക മികവ് മനസ്സിലാക്കുന്നതിനായി എസ് സി ആര്‍ ടി നിയോഗിച്ച ഡോ. ഹരികുമാര്‍, ഡോ. രാമചന്ദ്രന്‍ കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂളുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.