മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ക്ക് അടിയന്തര പരിഹാരം

post


ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച പരാതികള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. കലക്‌ട്രേറ്റില്‍ മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

കൊല്ലം തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ കൂടി അഭിപ്രായം പരിഗണിച്ചാകും നടപ്പിലാക്കുക. ദുരന്തമുന്നറിയിപ്പ് വഴിയുള്ള തൊഴില്‍നഷ്ടം പരിഹരിക്കുന്നതിനും നടപടി ഉണ്ടാകും. ജില്ലാതലത്തില്‍ പരിഹരിക്കാനാകാത്തവ സംസ്ഥാനതലത്തില്‍ ഇടപെടുന്നതിന് വഴിയൊരുക്കും. ഇന്ധന വില വര്‍ധന, പെര്‍മിറ്റുകളുടെ കാലതാമസം, മത്സ്യബന്ധനത്തിന് നിശ്ചയിച്ചിട്ടുള്ള ദൂരപരിധിയുടെ പുനര്‍നിര്‍ണയം തുടങ്ങി ഉന്നയിക്കപ്പെട്ട വിഷയങ്ങളിലും തുടര്‍ നടപടി സ്വീകരിക്കും.

ജില്ലയ്ക്ക് പുറത്ത് നിന്നുള്ള മത്സ്യത്തിന്റെ വരവ് വിപണനത്തെ ബാധിക്കുന്നുവെന്ന വിഷയം ഗൗരവത്തോടെ കാണും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നേരിട്ടുള്ള മത്സ്യവില്‍പന നിയന്ത്രിക്കണമെന്ന ആവശ്യവും പരിശോധിക്കും. മത്സ്യത്തൊഴിലാളി പുനരധിവാസം, നഷ്ടപരിഹാരത്തുക ലഭ്യമാക്കല്‍ എന്നിവയുടെ നടപടികളും ത്വരിതപ്പെടുത്തും. മത്സ്യബന്ധന ഉപകരണങ്ങളുടെ ലോക്ക്‌റൂം വാടക ഇളവ്, വലകള്‍ മോഷണം പോകുന്നു തുടങ്ങിയ പരാതികളും പരിഹരിക്കുന്നതിന് പ്രാധാന്യം നല്‍കും.

നിയമവിരുദ്ധ മത്സ്യബന്ധന രീതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എന്നാല്‍ ദുരന്ത മുന്നറിയിപ്പ് സംബന്ധിച്ച മുന്നറിയിപ്പുകളുമായി എല്ലാവരും പൂര്‍ണമായി സഹകരിക്കണം. ജീവന്‍ സംരക്ഷണം മുന്‍നിറുത്തിയുള്ള നടപടിയില്‍ ഇളവുകള്‍ നല്‍കാനാകില്ല. മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തും എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ സിജോ ഗോര്‍ഡിയസ്, മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.