പ്രദർശന മേളയിലുണ്ട് ഗർജ്ജിക്കുന്ന ടാറ്റുപുലി
 
                                                തൃശൂർ: സംസ്ഥാന സർക്കാരിന്റെ "എന്റെ കേരളം" പ്രദർശന വിപണന മേള കഴിഞ്ഞിറങ്ങുന്ന കൗമാരക്കാരുടെ  കൈത്തണ്ടയിലെ നല്ല ഉശിരൻ പുലിമുഖം കണ്ട് നാട്ടുകാർക്ക് കൗതുകം. 'പൂരത്തിനാണോ പുലി' എന്ന് അത്ഭുതപ്പെടുന്നവർക്ക് തേക്കിൻകാട് എക്സിബിഷൻ ഹാളിൽ ടുറിസം ഡിപ്പാർട്ട്മെന്റ് ഒരുക്കിയ സ്റ്റാളിലേയ്ക്ക് വരാം. കൈയിൽ പെയിന്റും ബ്രഷും ഉള്ളിൽ തൃശൂരിന്റെ തനത് പൈതൃകവുമായി ആർട്ടിസ്റ്റ് ചിറക്കൽ ഇഞ്ചിമുടി സ്വദേശി ജിതേഷ് ജിതു ആണ് പുലിമുഖം വരച്ച് കാണികൾക്ക് അത്ഭുതമാകുന്നത്.  പ്രശസ്ത കലാസംവിധായകനായ ഇദ്ദേഹം ടുറിസം വകുപ്പിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രദർശന മേളയുടെ ഭാഗമായത്.
ആവശ്യക്കാർക്കെല്ലാം സൗജന്യമായി ഇവിടെനിന്നും പുലിമുഖം താൽകാലിക ടാറ്റൂ ചെയ്ത് നൽകും. തൃശൂരിന്റെ പൈതൃക കലാരൂപമായ പുലിക്കളിയുടെ വ്യത്യസ്തമായൊരു പ്രചാരണമാണ് ടുറിസം വകുപ്പ് ലക്ഷ്യമിടുന്നത്. മേളയ്‌ക്കെത്തിയ ഒരു ഫ്രഞ്ച് പൗരനും കുടുംബവും ഇവിടെ നിന്നും ടാറ്റൂ ചെയ്ത് മടങ്ങിയത് സന്ദർശകരിൽ കൗതുകമുണർത്തി.  പ്രദർശന മേളയിൽ കവാടത്തോട് ചേർന്ന് ഒരുക്കിയ വിശാലമായ ടൂറിസം സ്റ്റാളിൽ കേരളത്തിന്റെ സാംസ്കാരിക തനിമയെ പ്രതിനിധാനം ചെയ്യുന്ന ഒട്ടേറെ കലാ പ്രദർശന നിർമിതികളുണ്ട്. കോവിഡ് നിയന്ത്രണകാലത്തെ പ്രതിസന്ധികൾ മറികടന്ന് ഉണർന്ന് വരുന്ന ടുറിസം മേഖലയ്ക്ക് കരുത്ത് പകരാൻ പുത്തൻ പദ്ധതികളൊരുക്കുകയാണ് ടൂറിസം വകുപ്പ്.










