സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ ഹബ്ബായി എന്‍ എസ് ആശുപത്രി മാറും: മുഖ്യമന്ത്രി

post

കൊല്ലം: മെഡി ലാന്‍ഡ് പ്രോജക്ട് പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ ഹബ്ബുകളില്‍ ഒന്നായി എന്‍ എസ് സഹകരണ ആശുപത്രി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ണമായും സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ സെന്റര്‍ എന്ന ഖ്യാതിയും എന്‍ എസ് ആശുപത്രിയ്ക്ക് ലഭിക്കും. ആധുനിക ചികിത്സാസൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ആശുപത്രി സമുച്ചയത്തിന്റെ സമര്‍പ്പണവും എന്‍ എസ് കാന്‍സര്‍ സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്‍ എസിനെ പോലുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരമാണ് ഈ ആതുരാലയം. സേവന തത്പരതയിലും മാനവികതയിലും ഊന്നിയ പ്രവര്‍ത്തനമാണ് എന്‍ എസ് സഹകരണ ആശുപത്രിയുടെ മുഖമുദ്ര. നാട്ടിലെ അശരണര്‍ക്കും ആലംബഹീനര്‍ക്കും സ്വന്തം സ്ഥാപനം എന്നപോലെ ഇവിടെ ചികിത്സ തേടാന്‍ കഴിയുന്നു. ചികിത്സാ ഗുണമേന്മയുടെ കാര്യത്തില്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തുന്ന ആശുപത്രിയെ കൂടുതല്‍ മികവോടെ മുന്നോട്ട് കൊണ്ട് പോകുന്നതിലാകണം ശ്രദ്ധപുലര്‍ത്തേണ്ടത്.

കേരളത്തിന്റെ ആരോഗ്യ മേഖല ഇത്രയധികം പുരോഗമിച്ച മറ്റൊരു ഘട്ടമില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകളില്‍ വരെ വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. അടിസ്ഥാന സൗകര്യം, ചികിത്സാ ഗുണമേന്മ, സേവനം എന്നിവയില്‍ ഏതൊരു സ്വകാര്യ ആശുപത്രിയോടും കിടപിടിക്കുന്ന നിലയിലേക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ മാറി. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊതുജനാരോഗ്യ രംഗത്ത് നടക്കുന്നു. ലോകത്തിന് മാതൃകയാകും വിധം നിപ പ്രതിരോധം നിര്‍വഹിക്കാനും കൊറോണ വൈറസ് ബാധയെ പിടിച്ചുനിര്‍ത്താനും സംസ്ഥാനത്തിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.