കടല്‍ഭിത്തി നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചു

post


അഴീക്കല്‍ ഐസ് പ്ലാന്റ് - ബോട്ട് ജെട്ടി ഭാഗത്ത് തകര്‍ന്ന കടല്‍ഭിത്തി നിര്‍മ്മാണത്തിന് 32 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. അഴീക്കല്‍ പുലിമുട്ട് ഭാഗത്ത് കടല്‍ഭിത്തി നിര്‍മ്മിച്ചതിന്റെ ബാക്കി ഭാഗമായ ഐസ്പ്ലാന്റ് - ബോട്ട് ജെട്ടി ഭാഗത്ത് കൂടെ ഭിത്തി നിര്‍മ്മിക്കാനാവശ്യമായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.വി സുമേഷ് എം.എല്‍.എ മന്ത്രി റോഷി അഗസ്റ്റിനെ നേരിട്ട് കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി അഴീക്കല്‍ ഭാഗത്ത് തകര്‍ന്ന കടല്‍ഭിത്തി നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ഭിത്തി മഴക്കാലത്ത് തകര്‍ന്ന് വീടുകളിലേക്ക് വെള്ളം കയറുന്നത് അഴീക്കല്‍ ഭാഗത്ത് പതിവ് കാഴ്ചയാണ്. കഴിഞ്ഞ മണ്‍സൂണ്‍ സമയത്ത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കെ.വി സുമേഷ് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് പുലിമുട്ട് പ്രദേശത്ത് കടല്‍ഭിത്തി നിര്‍മ്മാണത്തിന് 60 ലക്ഷം രൂപ കഴിഞ്ഞ നവംബര്‍ മാസം അനുവദിച്ചിരുന്നു. തുടര്‍ന്നുള്ള ഭാഗം നിര്‍മ്മിക്കാനാണ് 32 ലക്ഷം രൂപ അനുവദിച്ചത്. ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കാലവര്‍ഷത്തിനു മുന്‍പ് പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് കെ വി സുമേഷ് എം.എല്‍.എ പറഞ്ഞു.