പഴശ്ശിയെ ഇറിഗേഷന്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തും

post


ഇറിഗേഷന്‍ ടൂറിസം പദ്ധതിയില്‍ ജില്ലയില്‍ നിന്നു പഴശ്ശിയെ ഉള്‍പ്പെടുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പഴശ്ശി ഡാം മുതല്‍ കീച്ചേരി വരെയുള്ള പ്രധാന കനാലിലെ ആദ്യ അഞ്ചര കിലോമീറ്ററിലെ ജലവിതരണം പുനസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലിലൂടെ വെള്ളം ഒഴുക്കി വിടുന്നതിനുള്ള ട്രയല്‍റണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഴശ്ശി ജലസേചന പദ്ധതിയുടെ സബ്ഡിവിഷന്‍ ഓഫിസിന്റെ ഉദ്ഘാടനവും ഹെഡ്ക്വാര്‍ട്ടേഴ്സ് സെക്ഷന്‍ പുതിയ ഓഫിസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

മലബാറിലെ വലിയ ജലസേചന പദ്ധതിയായ പഴശ്ശി സമഗ്ര കാര്‍ഷിക വികസനത്തോടൊപ്പം വളരെയധികം ടൂറിസം സാധ്യതകള്‍ക്കാണ് വഴിയൊരുക്കുന്നത്. പ്രളയം തകര്‍ത്തത് നവീകരിച്ച് പ്രവര്‍ത്തന ക്ഷമമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഈ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ സമയബന്ധിതമായി  പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.


ജില്ലയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയും 12 ശുദ്ധജല വിതരണ പദ്ധതികളുടെ ജലസ്രോതസ്സുമാണ് പഴശ്ശി പദ്ധതി. ഇതിന്റെ ഏക സബ്ഡിവിഷനായ മട്ടന്നൂര്‍, വെളിയമ്പ്രയിലെ ഹെഡ് ക്വാര്‍ട്ടേഴ്സ് എന്നിവക്കായാണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്. ഡാം റീഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്മെന്റ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മ്മാണം. വെളിയമ്പ്രയില്‍ നടന്ന പരിപാടിയില്‍ കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.