ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: പുഴ യാത്ര സംഘടിപ്പിച്ചു

post


കണ്ണൂർ: ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ പുഴ യാത്ര സംഘടിപ്പിച്ചു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി ഏപ്രിൽ 24 നാണ് ചാമ്പ്യൻഷിപ്പ്.

പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽ മുതൽ അഴീക്കൽ പോർട്ട് വരെ 11 കിലോമീറ്റർ ദൂരമാണ് ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് നടക്കുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ എത്തും. ആന്തൂർ മുനിസിപ്പാലിറ്റിയിലൂടെയും നാറാത്ത്, പാപ്പിനിശ്ശേരി, കൊളച്ചേരി, ചിറക്കൽ, അഴീക്കോട്, വളപട്ടണം, മാട്ടൂൽ തുടങ്ങിയ പഞ്ചായത്തുകളിലൂടെയും കയാക്കത്തോൺ കടന്നു പോകും.

കയാക്കിങ്ങിനെത്തുന്നവർക്ക് നവ്യാനുഭവം പകർന്നു നൽകുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണ കൂടവും ഡിടിപിസിയും. സുരക്ഷാ സഹായങ്ങൾക്കായി കോസ്റ്റൽ പോലീസ്, വിവിധ കരകളിൽ ആംബുലൻസ് സൗകര്യം, അനൗൺസ്മെന്റ് സൗകര്യത്തോടെയുള്ള ബോട്ടുകൾ, ബോട്ടുകളിൽ മെഡിക്കൽ ടീം,  ആവശ്യമായ റിഫ്രഷ്‌മെന്റുകൾ തുടങ്ങിയവ  സജ്ജീകരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മത്സരാർത്ഥികൾക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മത്സരം വിജയകരമായി പൂർത്തീകരിക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും.