പാറശാല ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ ഇ-ഗവേര്‍ണന്‍സ് ഹെല്‍പ് ഡെസ്‌ക്

post


തിരുവനന്തപുരം: തദ്ദേശഭരണസ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐ.എല്‍.ജി.എം.എസ്.) പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ഇ-ഗവേര്‍ണന്‍സ് ഹെല്‍പ് ഡെസ്‌ക് പാറശാല ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് പ്രസിഡന്റ് മഞ്ജുസ്മിത ഉദ്ഘാടനം ചെയ്തു. മിതമായ നിരക്കില്‍, സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസമില്ലാതെ ജനങ്ങളിലെത്തിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഐ.എല്‍.ജി.എം.എസ് പദ്ധതി സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ഹെല്‍പ് ഡെസ്‌കിന്റെ പ്രധാന ലക്ഷ്യം. ഇതിന് പുറമേ ഓണ്‍ലൈന്‍ സേവനങ്ങള്‍ സ്വമേധയാ പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് ഹെല്‍പ് ഡെസ്‌ക് വഴി അപേക്ഷകള്‍ നല്‍കുവാനും സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റുവാനും സാധിക്കും. ഹെല്‍പ് ഡെസ്‌ക് നിലവില്‍ വന്നതോടെ പഞ്ചായത്തിലെത്തുന്നവര്‍ക്ക് സേവനങ്ങള്‍ക്കായി അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരില്ല.  

ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ ഫണ്ട് വിനിയോഗിച്ച് പ്രവര്‍ത്തനം ആരംഭിച്ച ഹെല്‍പ് ഡെസ്‌കില്‍ ഇന്റര്‍നെറ്റ്, സ്‌കാനിംഗ്, ഫോട്ടോസ്റ്റാറ്റ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം.