അങ്കണവാടികള്‍ സ്മാര്‍ട്ട് ആകണം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

post

കണ്ണൂര്‍ : അങ്കണവാടികള്‍ ഇനി സ്മാര്‍ട്ട് അങ്കണവാടികള്‍ ആക്കി നിര്‍മ്മിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഇതിനായി സര്‍ക്കാര്‍ ഒരു മാതൃക തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് പ്രകാരം നിര്‍മ്മാണങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു. മൊകേരി ജലസേചന പദ്ധതിയുടെ ഉദ്ഘാടനവും 11 ആം വാര്‍ഡ് അങ്കണവാടി കെട്ടിട ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . പ്രദേശത്തെ തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കി പച്ചക്കറികൃഷികള്‍ വ്യാപിപ്പിക്കണമെന്നും ജലസേചന പദ്ധതിയിലൂടെ കൃഷിക്കാവശ്യമായ ജലം ലഭ്യമാകുന്നത് കൊണ്ട് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് നല്ല ഭക്ഷണശീലം പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വിമല അധ്യക്ഷയായി. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉഷാ റാണി,  മൊകേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വത്സന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ കനകം കുനിയില്‍,  അബൂബക്കര്‍ ഹാജി മരവന്‍, വി പി ഷൈനി, അംഗം ഉമാ രാഹുല്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ പാര്‍വ്വതി എസ് കുമാര്‍, കൃഷി അസിസ്റ്റന്റ് മിനി ആച്ചിലാട്ട്,  വിവിധ സാമൂഹ്യരാഷ്ട്രീയ പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.