കണ്ടൽ സംരക്ഷണ സന്ദേശവുമായി വനം വകുപ്പ്

post


കണ്ണൂർ: കടലാക്രമണത്തെയും കൊലയാളിത്തിരകളെയും ഒരു പരിധിവരെ അതിജീവിക്കുന്നവയാണ് കണ്ടൽക്കാടുകൾ. പ്രകൃതിയുടെ നഴ്‌സറി എന്നറിയപ്പെടുന്ന കണ്ടൽക്കാടുകളുടെ പ്രധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് വനം-വന്യജീവി വകുപ്പ്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം എക്‌സിബിഷനിൽ പ്രദർശിപ്പിച്ചിട്ടുള്ള കുഞ്ഞു മാതൃകയിലൂടെ വലിയൊരു ആശയമാണ് ഇവർ ജനങ്ങളിലേക്ക് എത്തിക്കുന്നത്. തിരമാലകളെ കണ്ടൽക്കാടുകൾ എങ്ങനെ പ്രതിരോധിക്കുന്നുവെന്നും തീരം എങ്ങനെ സംരക്ഷിക്കുന്നുവെന്നും സ്റ്റാളിൽ എത്തുന്നവർക്ക് നേരിട്ട് കണ്ടറിയാം.

ഇവ കൂടാതെ വിവിധങ്ങളായ സസ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവയുടെ ഫോട്ടോയും, പേരും മറ്റ് വിവരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ വനവൽക്കരണ വിഭാഗം നൽകുന്ന സേവനങ്ങൾ, വന്യജീവി സങ്കേതം ആറളം ഡിവിഷൻ നൽകുന്ന സേവനങ്ങൾ, വനംവകുപ്പിന്റെ വിവിധ പദ്ധതികൾ എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ വനസംരക്ഷണ സമിതിക്ക് കീഴിലുള്ള തേൻസംസ്‌കരണ യൂണിറ്റിൽ നിന്നും സംസ്‌കരിക്കുന്ന ശുദ്ധമായ കാട്ടുതേനും സ്റ്റാളിൽ വില്പന നടത്തുന്നുണ്ട്. 250ഗ്രാമിന് 180 രൂപയും 500 ഗ്രാമിന് 350 രൂപയുമാണ് വില.