മന്ത്രിസഭാ വാര്‍ഷികം; മികവുറ്റ കാഴ്ചകളും സൗകര്യങ്ങളും ഒരുക്കും

post

കൊല്ലം: സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 25 ന് ആശ്രാമം മൈതാനത്ത് തുടങ്ങുന്ന പ്രദര്‍ശന-വിപണന മേളയില്‍ കാഴ്ചയുടെ നിറവും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. പ്രാദേശിക സംരംഭങ്ങളും സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളും അണിനിരത്തുന്നതിനൊപ്പം കൗതുകങ്ങളും ഉണ്ടാകും. ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റുന്നതിനായി ഒരു ലക്ഷത്തോളം ചതുരശ്ര  അടി വിസ്തീര്‍ണത്തിലാണ് സജ്ജീകരണം ഒരുക്കുക. സൗജന്യമായി പ്രവേശിക്കാവുന്ന പ്രദര്‍ശന നഗരി ശീതീകരിക്കുന്നുമുണ്ട്.

പരമാവധി വാഹനങ്ങള്‍ക്ക് വന്നു പോകുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനും വിശാലമായ ക്രമീകരണം ഉറപ്പാക്കും. കലാപരിപാടികള്‍ക്കായി വലിയ സ്ഥിരം സ്റ്റേജും സജ്ജമാക്കും. ആശ്രാമം മൈതാനത്തിന്റെ വിസ്തൃതി പരമാവധി പ്രയോജനപ്പെടുത്തിയാകും മേളയുടെ സംഘാടനം എന്നും നഗരിക്കായി നിശ്ചയിച്ച സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്ന ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ പ്രൊഫ. ബി. സുനില്‍ കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാഘവന്‍, ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍, സംഘാടക സമിതി കണ്‍വീനര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. എസ്. അരുണ്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ അനുഗമിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.