ജില്ലയില്‍ കൂടുതല്‍ കശുമാവ് നഴ്‌സറികള്‍ തുടങ്ങും: മന്ത്രി വി എസ് സുനില്‍കുമാര്‍

post

തൃശൂര്‍: ജില്ലയില്‍ കൂടുതല്‍ കശുമാവ് നഴ്‌സറികള്‍ പ്രോത്സാഹിപ്പിക്കുമെന്ന് കൃഷി് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍. മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തില്‍ കശുമാവ് വിജ്ഞാന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി  17 വരെയാണ് മേള നടക്കുക. ഹോം സ്റ്റഡുകളില്‍ കൃഷി ചെയ്യാന്‍ പറ്റുന്ന നാടന്‍ കശുമാവിന്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കണമെന്നും ഓരോ വീടുകളിലും ഓരോ കശുമാവിന്‍ തൈ നടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അന്യം നിന്ന് പോയ രോഗ പ്രതിരോധ ശേഷിയുള്ള നാടന്‍ ഇനങ്ങള്‍ വികസിപ്പിച്ച് വിതരണം ചെയ്യാന്‍ അദ്ദേഹം സര്‍വകലാശാല വൈസ് ചാന്‍സലറോട് നിര്‍ദ്ദേശിച്ചു. കശുമാങ്ങ ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളില്‍ നിന്ന് വൈന്‍ ഉല്‍പ്പാദിപ്പിക്കാന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന് അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കശുമാങ്ങയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന കശുമാങ്ങ സോഡയുടെ വീഡിയോ പ്രകാശനം മന്ത്രി നിര്‍വ്വഹിച്ചു. മാടക്കത്തറ ഗവേഷണ കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താ പത്രികയുടെ പ്രകാശനം ചീഫ് വിപ്പ് അഡ്വ. കെ രാജന്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ഉമാദേവിക്ക് നല്‍കി നിര്‍വഹിച്ചു. ബ്രോഷര്‍, കശുമാവിന്റെ സങ്കരയിനങ്ങളുടെ ലഘുലേഖ, കശുമാവിന്‍ തോട്ടത്തിലെ പൂക്കാല പറവകള്‍  ഫോട്ടോ ആല്‍ബം എന്നിവയുടെ പ്രകാശനവും നടന്നു. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ്, കൊട്ടാശ്ശേരി ഹരിജന്‍ കോളനികളിലെ  കര്‍ഷകര്‍ക്ക് 10 ഹെക്ടറില്‍ കശുമാവ് കൃഷി വികസിപ്പിക്കാന്‍ വേണ്ട തൈകളും കാര്‍ഷിക ഉപകരണങ്ങളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു. ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ അധ്യക്ഷനായി.
കേരളം നേരില്‍ കണ്ട പ്രളയ ദുരന്ത പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കശുമാവ് കൃഷിയുടെ ശാസ്ത്രീയ പരിചരണ മുറകളെ കുറിച്ചുള്ള അവബോധം കര്‍ഷകരില്‍ ഉണ്ടാക്കാനും, കശുമാങ്ങ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ള പരിശീലനങ്ങള്‍, സെമിനാറുകള്‍, ക്വിസ് മത്സരങ്ങള്‍, പ്രദര്‍ശന മേള എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ആര്‍ ചന്ദ്രബാബു, റിസര്‍ച്ച് ഡയറക്ടര്‍ ഡോ പി ഇന്ദിരാ ദേവി, ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ ജിജു പി അലക്സ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ഉമാദേവി, മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് വിനയന്‍, കശുമാവ് ഗവേഷണ കേന്ദ്രം മേധാവി ഇന്‍ ചാര്‍ജ് ഡോ ജലജ എസ് മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.