കർഷക ക്ഷേമത്തിന്റെ സഫല വർഷങ്ങളുടെ പച്ചപ്പ്

post

കണ്ണൂർ: ഗ്രാമീണതയുടെ പ്രതീകമായി പുല്ലുമേഞ്ഞ കൊച്ചു വീട്….മുൻവശത്തായി കതിരണിഞ്ഞ നെൽവയലും പൂത്തുലഞ്ഞ സൂര്യകാന്തി പാടവും, കൊച്ചു ട്രാക്ടർ, ജലചക്രം…രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ എക്സിബിഷനിലെ നിശ്ചല മാതൃകകളാണിവ. അടുക്കളത്തോട്ടം, ചെടികൾ, മൃഗങ്ങളെ വളർത്തൽ, മഴവെള്ള സംഭരണം, പോർട്ടബിൾ കിച്ചൺ ഗാർഡന്റെ മാതൃക എന്നിങ്ങനെ വീടുകളിലും പരിസര പ്രദേശങ്ങളിലും ഒരുക്കാവുന്ന കൃഷിയുടെ മാതൃകകളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. എക്‌സിബിഷൻ വേദിയുടെ സമീപത്തായാണ് ഇവ ഒരുക്കിയിട്ടുള്ളത്.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഒരുക്കിയ സ്റ്റാളുകൾ എക്‌സിബിഷനിലെ തിരക്കേറിയ ഇടമാണ്. എട്ട് സ്റ്റാളുകളാണ് വകുപ്പിനുള്ളത്. കർഷകർക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ഫാർമർ പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷന്റെ ഉൽപന്ന വിപണന ചന്തയാണ് ആളുകളെ ഏറ്റവും ആകർഷിക്കുന്നത്. കുറ്റിയാട്ടൂർ മംഗോ പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ് ഒരുക്കിയ കുറ്റിയാട്ടൂർ മാങ്ങ, അവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ, ഇരിക്കൂർ ബ്ലോക്ക് തല ഫെഡറേറ്റ് സമിതിയുടെ ജൈവ പച്ചക്കറികൾ, മാങ്ങാട്ടിടം തേൻ, കണ്ണൂർ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റിയുടെ അരിയുൽപ്പന്നങ്ങൾ, ഇരിട്ടി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിവിധ ഉൽപ്പന്നങ്ങൾ, മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡിന്റെ ഉൽപ്പന്നങ്ങൾ എന്നിവയും ചന്തയിൽ ഇടം നേടിയിട്ടുണ്ട്.


കർഷക ക്ഷേമത്തിന്റെ സഫല വർഷങ്ങൾ എന്ന പേരിൽ ഒരുക്കിയ സ്റ്റാളുകളിൽ സസ്യരോഗ പരിശോധനയും പഠനവും നടത്തുന്നതിനും കർഷകർക്ക് ശാസ്ത്രീയമായ നിർദ്ദേശങ്ങൾ നൽകുന്നതിനുമായി സസ്യക്ലിനിക് പ്രവർത്തിക്കുന്നുണ്ട്. കൃഷിക്കാരുടെ സംശയങ്ങൾ ദുരീകരിക്കുന്നതിന് കൃഷി ഓഫീസറുടെ സേവനം ഇവിടെ ലഭ്യമാണ്. മണ്ണിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനുള്ള സൗജന്യ മണ്ണ് പരിശോധനാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സാമ്പിളുകൾ സ്റ്റാളിൽ ശേഖരിക്കുകയും മണ്ണ് പരിശോധനാ വാഹനത്തിൽ ഇത് ടെസ്റ്റ് ചെയ്ത് വിവരങ്ങൾ കർഷകനെ വാട്ട്‌സാപ്പ് മുഖേന അറിയിക്കുകയും ചെയ്യും. കാർഷിക ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ നിർണയിക്കുന്ന അഗ്മാാർക്കിനെക്കുറിച്ച് കർഷകരെ ബോധവത്കരിക്കുന്നതിനുള്ള മാതൃകാ ഉൽപ്പന്നങ്ങളും ജില്ലയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന മൂല്യവർധിത വസ്തുക്കളുടെ മാതൃകകളും പ്രദർശിപ്പിച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഇവ എത്തിച്ചു നൽകും. ജില്ലാ കൃഷിത്തോട്ടത്തിന്റെ നിശ്ചല മാതൃകയും ടിഷ്യുകൾച്ചർ ചെയ്യുന്ന രീതി, ജൈവ കീടനാശിനികളുടെ നിർമ്മാണം എന്നീ വിവരങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്ന സ്റ്റാളും ഇവിടെയുണ്ട്.
സുഭിക്ഷ കേരളം പദ്ധതിയുടെ തുടർച്ചയായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ സന്ദേശം നൽകുന്ന കട്ടൗട്ടുകളും കൃഷിവകുപ്പ് ഒരുക്കിയിട്ടുണ്ട്. കാർബൺ സന്തുലിത കൃഷി പ്രോത്സാഹനത്തിനായി കാർബൺ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുന്ന ചോളം, സോയാബീൻ തുടങ്ങിയ കൃഷികൾ, ചകിരിച്ചോർ ഉപയോഗിച്ചുള്ള കൃഷി രീതികൾ, ജൈവകൃഷി രീതികൾ, കേരഗ്രാമം പദ്ധതി തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും കർഷകർക്ക് കൃഷി വകുപ്പ് സ്റ്റാളിൽ ലഭ്യമാകും.