പ്രകൃതിയെ തൊട്ടറിയുന്നു, ഈ ഹരിത വിദ്യാലയം

post

തൃശൂര്‍ :പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൈപിടിച്ചുയര്‍ത്തിയതോടെ പുത്തന്‍ചിറ ഗവ യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറന്നിട്ടത് ഹരിതാഭമായ ലോകമാണ്. പ്രകൃതി സൗഹൃദത്തിന്റെ വേറിട്ട മാതൃകയാവുകയാണ് ഈ വിദ്യാലയം. നാടന്‍ മാവുകള്‍, പ്ലാവുകള്‍, പൂത്തുലഞ്ഞ മറ്റ് വൃക്ഷങ്ങള്‍, ചെടികള്‍, ഔഷധ സസ്യങ്ങള്‍, അലങ്കാര ചെടികള്‍. കനത്ത ചൂടിലും വിദ്യാര്‍ഥികള്‍ക്ക് തണലാവുകയാണ് ഇവ. ക്ലാസ്മുറികളിലും പുറംഭിത്തികളിലും ഉപയോഗശൂന്യമായ കുപ്പികള്‍ ശേഖരിച്ച് അതില്‍ അലങ്കാര ചെടികള്‍ നട്ട് മനോഹരമാക്കിയിരിക്കുന്നു. അധ്യാപകനായ പ്രേമവാസന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ ഔഷധ സസ്യങ്ങളും പ്രകൃതി സൗഹൃദ ഉദ്യാനങ്ങളും പരിപാലിക്കുന്നത്. പരിസ്ഥിതി സൗഹൃദ വിദ്യാലയം, ഹരിത വൃക്ഷത്തോട്ടം, ഔഷധോദ്യാനം എന്നിവയാണ് പൊതുവിദ്യാലയം പരിസ്ഥിതി സൗഹൃദമാക്കാന്‍ നടപ്പാക്കിയത്.
വ്യത്യസ്തമായൊരു ചരിത്രവും പേറിയാണ് പുത്തന്‍ചിറ സര്‍ക്കാര്‍ സ്‌കൂള്‍ നിലകൊള്ളുന്നത്. 1951 ല്‍ ആരംഭിച്ച ഈ വിദ്യാലയം അതുവരെ അഞ്ചലാപ്പീസായിരുന്നു. ഇടക്കാലത്ത് പ്രവര്‍ത്തനം മന്ദഗതിയിലായിപ്പോയ വിദ്യാലയം വീണ്ടും വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ തുടങ്ങിയത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ്. മൂന്ന് വര്‍ഷം മുന്‍പ് 80 കുട്ടികളില്‍ താഴെ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 140 കുട്ടികളാണ് വര്‍ധിച്ചത്. വളര്‍ച്ചയോടൊപ്പം വ്യത്യസ്തമായ പദ്ധതികളും വിദ്യാലയത്തില്‍ നടപ്പാക്കി. എടുത്തു പറയേണ്ടത്, സ്‌കൂള്‍ അസംബ്ലിയാണ്. അസംബ്ലി വെറുമൊരു ചടങ്ങിലൊതുക്കാതെ ആശയങ്ങളുടേയും വൈവിധ്യങ്ങളുടേയും വേദിയാക്കി മാറ്റിയിരിക്കുകയാണ്. കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍, കഥ, കവിത, കവി പരിചയം, ശുഭ ചിന്ത തുടങ്ങിയവയാല്‍ സമ്പന്നമാണ് വിദ്യാലയ അസംബ്ലി. മറ്റൊന്ന് പി ടി എ യോഗങ്ങളാണ്.. വിദ്യാലയത്തിന്റെ ചുറ്റുവട്ടത്ത് എട്ട് ഇടങ്ങളിലായാണ് പി.ടി.എ.യോഗങ്ങള്‍ നടത്തുന്നത്. വിദ്യാലയത്തില്‍ നിന്ന് ലഭിച്ച അറിവുകള്‍ ഈ പി.ടി.എ.യോഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ അവതരിപ്പിക്കും. ഇരുപതോളം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ഈ യോഗത്തിന്റെ ഭാഗമാകുന്നുണ്ട്. ഈ വര്‍ഷത്തെ സ്‌കൂള്‍ വാര്‍ഷികവും വേറിട്ടതാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. സംസ്ഥാനത്തെ എല്ലാ കലാരൂപങ്ങളേയും വിവിധ കലാകാരന്മാരേയും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന വ്യത്യസ്ത പരിപാടിയാണ് ആലോചനയിലുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് പിന്തുണയുമായി ഒരു ഗ്രാമം കൈകോര്‍ത്തപ്പോള്‍ പുത്തന്‍ചിറ സര്‍ക്കാര്‍ യു.പി.സ്‌കൂള്‍ അതിന്റെ ഗതകാല പ്രൗഢിയാണ് വീണ്ടെടുക്കുന്നത്