ലഹരിക്കെതിരെ വിമുക്തി സ്റ്റാൾ

post

വരിഞ്ഞു മുറുക്കിയ ഉഗ്രസർപ്പത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനാവാതെ നിലവിളിക്കുന്ന കുട്ടി, സൂചിമുനയിൽ കിടന്ന് അന്ത്യശ്വാസം വലിക്കുന്ന യുവാവ്, അനാഥമായ മനുഷ്യാസ്ഥികൂടം… ഇത് എന്റെ കേരള മെഗാ എക്‌സിബിഷൻ പവലിയനിൽ ലഹരി വർജന മിഷൻ വിമുക്തി സ്റ്റാളിലൊരുക്കിയ ദൃശ്യങ്ങളാണിത്.
ലഹരി വസ്തുക്കളുടെ വിപത്തുകൾ  തിരിച്ചറിഞ്ഞ് അതിൽ നിന്ന് മോചിതരാവാൻ ബോധവത്കരണം നടത്തുന്ന എക്സൈസ് വകുപ്പിന്റെ വിമുക്തി സ്റ്റാൾ ജനശ്രദ്ധയാകർഷിക്കുന്നു. ലഹരി ഉപയോഗത്തിന്റെ ദുഷ്യഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ  ആകർഷണീയമായ നിശ്ചല മാതൃകകളാണ് പവലിയനിൽ ക്രമീകരിച്ചിട്ടുള്ളത്.


വിവിധയിനം ലഹരി വസ്തുക്കളും അവ ഉപയോഗിച്ചാലുണ്ടാകുന്ന വിപത്തുകളേയും കുറിച്ച് ക്ലാസുകളും തത്സമയ ചോദ്യോത്തര  പരിപാടിയും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ദിനംപ്രതിയുള്ള ചോദ്യോത്തര നറുക്കെടുപ്പിലൂടെ സമ്മാനം നേടാനുള്ള അവസരവും വിമുക്തി നൽകുന്നു. മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവർക്ക്  ആവശ്യമായ ലഹരി മോചന സൗജന്യ ചികിത്സ ‘വിമുക്തി’ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ  ലഭ്യമാണ് . ലഹരി മോചന ചികിത്സക്ക് വിധേയരാവുന്നവരുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ലഹരി സൃഷ്ടിക്കുന്ന സാമൂഹിക- ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും ആത്മഹത്യാ പ്രവണത, കുടുംബ ബന്ധങ്ങളുടെ തകർച്ച, സാംസ്‌ക്കാരിക അധപതനം, സാമ്പത്തിക തകർച്ച , റോഡപകടങ്ങൾ തുടങ്ങിയവയെ കുറിച്ചുമുള്ള ചിത്രങ്ങളും മാതൃകകളും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

ബോധവല്‍ക്കരണം നടത്തുക,പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുക, ലഹരി പദാര്‍ത്ഥങ്ങളുടെ ലഭ്യതയും വിപണനവും ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിമുക്തി പ്രവര്‍ത്തിക്കുന്നത്. വിമുക്തി നല്‍കുന്ന സൗജന്യ കൗണ്‍സിലിംഗിന് 14405 എന്ന ടോള്‍ ഫ്രീ നമ്പറിലും പയ്യന്നൂര്‍ വിമുക്തി കേന്ദ്രവുമായി 9400069695 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ലഹരിയില്‍ അടിമപ്പെട്ടവര്‍ക്ക് അതില്‍ നിന്ന് മോചിതരാവാനും മികച്ച സൗഹൃദങ്ങള്‍ സ്ഥാപിക്കുവാനും കൂട്ടുകാരോടും വീട്ടുകാരോടും മനസ്സു തുറന്ന് സംസാരിക്കുന്നതിനും യഥാസമയം ചികിത്സ തേടുന്നതിനും വിമുക്തി സ്റ്റാള്‍ പ്രചോദനമാകുന്നു.