രാമവര്‍മപുരം ഗവ ചില്‍ഡ്രന്‍സ് ഹോമില്‍ ജീവനി പദ്ധതിക്ക് തുടക്കം

post

തൃശൂര്‍ : രാമവര്‍മപുരം ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ ജീവനി പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി തോട്ടത്തിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. അതത് പ്രദേശങ്ങളില്‍ ലഭ്യമായ ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ജീവിത ശൈലീ രോഗങ്ങളില്‍ നിന്ന് വിമുക്തി നേടണമെന്ന് അദ്ദേഹം പറഞ്ഞു. വീട്ടമ്മമാര്‍ക്ക് കൃഷിപരിശീലനം നല്‍കാന്‍ കൃഷി പാഠശാലകള്‍ ജില്ലയില്‍ തുടങ്ങിയെന്നും 2021 ഏപ്രില്‍ മാസത്തോടെ കൃഷിയില്‍ സമ്പൂര്‍ണ പര്യാപ്തത നേടുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിത പച്ചക്കറിയുടെ സുസ്ഥിരതക്കായി ജീവനി നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതി  നടപ്പിലാക്കി വരുന്നത്. എല്ലാ ജനങ്ങളിലേക്കും കൃഷി എന്റെ ഉത്തരവാദിത്തം എന്ന മൂല്യബോധം വളര്‍ത്തി കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സമൂഹത്തിന് മാതൃകയാകുന്ന വിധത്തില്‍ സ്ഥല ലഭ്യതയുള്ള സ്ഥാപനങ്ങളില്‍ പദ്ധതി അധിഷ്ഠിതമായി കൃഷി ചെയ്തു വരുന്നുണ്ട്. ചില്‍ഡ്രന്‍സ് ഹോമും ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് നടത്താന്‍ തയ്യാറായി.  വില്‍വട്ടം കൃഷി ഭവന്റെ നേതൃത്വത്തില്‍ രൂപ കല്പന ചെയ്ത ഹെല്‍ത്തി പ്ലേറ്റ് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രന്‍ മന്ത്രിക്ക് കൈമാറി. പഴം പച്ചക്കറി ഇനങ്ങളായ മുള്ളാത്ത, താമരച്ചക്ക മുതല്‍ നിത്യ വഴുതന വരെയും പുല്ലു വര്‍ഗ്ഗത്തില്‍ പെട്ട ധന്യങ്ങളായ നെല്ല്, റാഗി, തിന മുതല്‍ മുതിര വരെയും, ഇലക്കറികളായ തഴുതാമ മുതല്‍ ചായ മന്‍സ വരെയും, കിഴങ്ങുവര്‍ഗ വിളകളായ മധുരക്കിഴങ്ങ്, കൊള്ളി മുതല്‍ കണ്ണന്‍ ചേമ്പ് വരെ ഉള്‍ക്കൊള്ളിച്ചതാണിത്. വില്‍വട്ടം കൃഷിഭവന്റെ ജീവനി പൊട്ടുവെള്ളരി പ്രദര്‍ശന തോട്ട ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ആറാം ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ സുരേഷ്‌കുമാര്‍ വി കെ അധ്യക്ഷനായി. പച്ചക്കറി കൃഷി തോട്ടവും, ജീവനി പ്രദര്‍ശന തോട്ടവും ഒരുക്കാന്‍ കൃഷി വകുപ്പിനെ സഹായിച്ച കര്‍ഷകന്‍ അച്യുതനെ മന്ത്രി പൊന്നാട അണിയിച്ച ആദരിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ശാന്ത അപ്പു, ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാന്‍ ഡോ വിശ്വനാഥന്‍, മെമ്പര്‍ അഡ്വ വാരിജാക്ഷന്‍, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ഹസൈന്‍ എം ബി, വില്‍വട്ടം കൃഷി ഓഫീസര്‍ കവിത ജി, തുടങ്ങിയവര്‍ പങ്കെടുത്തു.