ദേശീയ തൊഴിലുറപ്പ് പദ്ധതി; മികച്ച നേട്ടവുമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്

കാസറഗോഡ്:2021-22 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികവാര്‍ന്ന നേട്ടം കൈവരിച്ച് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശപ്രകാരം സുഭിക്ഷകേരളം പദ്ധതി മുഖേന തൊഴിലുറപ്പ് പദ്ധതിയില്‍ നീലേശ്വരം ബ്ലോക്ക് പരിധിയിലെ ആറു ഗ്രാമപഞ്ചായത്തുകളിലായി 3172 വ്യക്തിഗത ആസ്തികള്‍ നിര്‍മിക്കാന്‍
സാധിച്ചു. സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ ആസ്തികള്‍ സുഭിക്ഷ കേരളം പദ്ധതിയില്‍ ഏറ്റെടുത്ത് നടത്തിയ ബ്ലോക്ക് പഞ്ചായത്ത് എന്ന നേട്ടം നീലേശ്വരത്തിനു ലഭിച്ചു.
ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളായ വലിയപറമ്പയില്‍ 1610, പിലിക്കോട് 454, ചെറുവത്തൂരില്‍ 352, പടന്ന 326, തൃക്കരിപ്പൂര്‍ 230, കയ്യൂര്‍-ചീമേനി 200 എന്നിങ്ങനെ സുഭിക്ഷകേരളം പദ്ധതിയില്‍ വിവിധ ആസ്തികള്‍ നിര്‍മിച്ചു. 342 പശുതൊഴുത്ത്, 169 കോഴിക്കൂട്, 71 ആട്ടിന്‍ കൂട്, 109 കമ്പോസ്റ്റ് പിറ്റ്, 2332 സോക് പിറ്റ്, 25 മിനി എംസിഎഫ്, 31 കിണര്‍ എന്നിവയും തൊഴിലുറപ്പ് പദ്ധതിവഴി നിര്‍മിച്ചു.
വിവിധ പഞ്ചായത്തുകളിലായി 1018749 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനു സാധിച്ചു. ചെറുവത്തൂര്‍ 209077, പിലിക്കോട് 184779, കയ്യൂര്‍ ചീമേനി 183295, തൃക്കരിപ്പൂര്‍ 158584, പടന്ന 154939, വലിയ പറമ്പ 128075 വീതം തൊഴില്‍ ദിനങ്ങള്‍ പഞ്ചായത്തുകളില്‍ ലഭ്യമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 259039 തൊഴില്‍ ദിനങ്ങള്‍ അധികമായി സൃഷ്ടിക്കുവാന്‍ ബ്ലോക്കിനു സാധിച്ചു. ഇതുവഴി കഴിഞ്ഞ വര്‍ഷത്തെതിനേക്കാളും ഏഴരക്കോടിയില്‍ അധികം തുക കൂലി ഇനത്തില്‍ തൊഴിലാളികള്‍ക്ക് ലഭിച്ചു.
100 തൊഴില്‍ ദിനം ലഭ്യമാക്കിയ കുടുംബങ്ങളുടെ കാര്യത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് നീലേശ്വരം നടത്തിയത്. 6749 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനം ലഭ്യമാക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് 100 തൊഴില്‍ ദിനം നല്‍കുന്ന ബ്ലോക്ക് പഞ്ചായത്തായി നീലേശ്വരം മാറി. പദ്ധതി ചെലവിനത്തില്‍ 36 കോടി 80 ലക്ഷം രൂപ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ നീലേശ്വരം ബ്ലോക്ക് ചിലവഴിച്ചു.
തൊഴിലുറപ്പ് പ്രവര്‍ത്തനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് നേട്ടം കൈവരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം വിലയിരുത്തി.