കൊല്ലം പൂരത്തിന് പ്രാദേശിക അവധി; ഹരിതചട്ടം ഉറപ്പാക്കും - ജില്ലാ കലക്ടര്‍

post

ആശ്രാമം മൈതനാത്ത് ഏപ്രില്‍ 16 ന് നടക്കുന്ന കൊല്ലം പൂരം ഹരിതചട്ടം പാലിച്ച നടത്തണമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. പൂരദിനത്തില്‍ ഉച്ചയ്ക്ക് ശേഷം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധിയായിരിക്കും എന്നും ആലോചന യോഗത്തില്‍ വ്യക്തമാക്കി.

40 ആനകളെ എഴുന്നള്ളിക്കുമെന്ന് സംഘാടകര്‍ അറിയിച്ച സാഹചര്യത്തില്‍ അവയെ പരിശോധിച്ച് പൂരത്തിന് ഒരു ദിവസം മുന്‍പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ചീഫ് വെറ്ററിനറി ഓഫിസര്‍ നല്‍കണം. പൂരസ്ഥലത്തുള്ള കടകളില്‍ കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങളും ഗ്ലാസ്സുകളുമായിരിക്കണം. ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് കോര്‍പ്പറേഷനും ശുചിത്വ മിഷനും ഉറപ്പുവരുത്തണം.

ഗതാഗതനിയന്ത്രണം, ക്രമസമാധാനപാലനം എന്നിവ ഉറപ്പുവരുത്തുന്നതിന് പോലീസിന് നിര്‍ദേശം നല്‍കി. മദ്യം, നിരോധിത ലഹരി ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന തടയുന്നതിന് എക്സൈസിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തിക്കണം. ആനകളുടെ പൂര്‍ണമായ വിവരങ്ങള്‍ രണ്ടുദിവസം മുന്‍പ് തന്നെ സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന് സംഘാടകര്‍ കൈമാറണം. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഒരു ആംബുലന്‍സും ഫസ്റ്റ് എയ്ഡ് സംവിധാനവും ഉറപ്പാക്കണം എന്നും നിര്‍ദ്ദേശം നല്‍കി.

സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍. സാജിത ബീഗം, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി. ജി. അനില്‍കുമാര്‍, എ.സി.പി ജി. ഡി. വിജയകുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. എസ് പ്രിയ, പൂരം കമ്മിറ്റി പ്രസിഡന്റ് പി. ശ്രീവര്‍ദ്ധനന്‍, സെക്രട്ടറി ജി. കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു