പുതിയ സാധ്യതകളും തൊഴിലവസരങ്ങളും തുറന്ന് അസാപ് കേരളയുടെ കെ-സ്‌കില്‍ മേള

post



തൃശൂർ: അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ നൈപുണ്യ പരിശീലന പരിപാടിയായ  കെ-സ്‌കില്‍  ക്യാംപയിന്‍ ' നൈപുണ്യ തൊഴില്‍ പരിചയമേള ' ഇരിങ്ങാലക്കുട നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നടത്തുവാന്‍ തീരുമാനം. മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളുടേയും നഗരസഭയുടേയും സഹകരണത്തോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലാണ് പരിചയമേള സംഘടിപ്പിക്കുക. നൈപുണ്യ പരിചയമേള നടത്തിപ്പിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദുവിന്റെ അദ്ധ്യക്ഷതയില്‍ ഇരിങ്ങാലക്കുട പി ഡബ്ല്യു ഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ തലവന്‍മാരുടെ യോഗത്തിലാണ് തീരുമാനം. 

പതിനഞ്ചോളം തൊഴില്‍ മേഖലകളും നൂറിലധികം സ്‌കില്‍ കോഴ്‌സുകളുമാണ് കെ - സ്‌കില്ലിന്റെ ഭാഗമായി അസാപ് നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും വര്‍ക്കിങ്ങ് പ്രൊഫഷനലുകള്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ ഓണ്‍ലൈനായും ഓഫ് ലൈനായും ക്ലാസുകള്‍ ലഭ്യമാക്കും. ഇന്‍ഡസ്ട്രി കേന്ദ്രീകൃതമായി ഡിസൈന്‍ ചെയ്തിരിക്കുന്ന അസാപ് കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തൊഴില്‍ മേഖലയിലേക്ക് പുതിയ വാതില്‍ തുറന്നുനല്‍കുന്നു.  കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റ്  സഹായവും അസാപ് നല്‍കുന്നുണ്ട്. 

കെ-സ്‌കില്‍ ക്യാംപെയിനിന്റെ ഭാഗമായി ഐ.ടി, മീഡിയ, ഹെല്‍ത്ത് കെയര്‍, ലിംഗ്വിസ്റ്റിക്‌സ്, ബാങ്കിങ്ങ്, ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്‌സ്, ലീഗല്‍, പവര്‍ ആന്റ് എനര്‍ജി, സ്‌പോര്‍ട്‌സ്, സിവില്‍ ആന്റ്  ഡിസൈന്‍ തുടങ്ങിയ വിവിധ മേഖലകളിലെ ഹ്രസ്വകാല സ്‌കില്‍ കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും, വര്‍ക്കിംഗ് പ്രൊഫഷണല്‍സിനും കോഴ്‌സുകളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും നൈപുണ്യ പരിചയമേള വഴി  അസാപ് പ്ലേസ്‌മെന്റ് പോര്‍ട്ടലില്‍ റെജിസ്ട്രര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കും.