ലൈഫ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

അങ്കമാലി: ലൈഫ് മിഷന്‍ പദ്ധതിയിലെ മുഴുവന്‍ വീടുകളുടെയും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കുടുംബങ്ങള്‍ക്കായി അങ്കമാലി നഗരസഭ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 'ശാന്തി ഭവനം' ഭവന സമുച്ചയത്തിന്റെ താക്കോല്‍ ദാനം അങ്കമാലി കിങ്ങിണി ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 4.5 ലക്ഷം ഭവനരഹിതരുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതു കൂടാതെ കൂടുതല്‍ പേര്‍ക്ക് വീട് ആവശ്യമാണെന്ന യാഥാര്‍ഥ്യം തള്ളിക്കളയുന്നില്ല. അത് പിന്നീട് പരിശോധിക്കും. വിവിധ വകുപ്പുകളിലെ ഭവന നിര്‍മ്മാണ പദ്ധതികള്‍ സംയോജിപ്പിച്ചാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പദ്ധതികളിലായി ഭവന നിര്‍മ്മാണം പാതിവഴിയിലായവരെയാണ് ആദ്യം പരിഗണിച്ചത്. 54183 കുടുംബങ്ങളാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്. ഇതില്‍ 96% വും നിര്‍മ്മാണം പൂര്‍ത്തിയാക്കി. സാങ്കേതിക തടസങ്ങളുള്ള ഏതാനും വീടുകള്‍ മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
സ്വന്തമായി ഭൂമിയുള്ള വീടില്ലാത്ത 91 14 7 ഗുണഭോക്താക്കളാണുണ്ടായിരുന്നത്. ഇതില്‍ 60526 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. അവശേഷിക്കുന്നവയില്‍ 90% നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഈ വീടുകളുടെ നിര്‍മ്മാണം ഉടന്‍ തന്നെ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. പി.എം.എ.വൈ പദ്ധതിയും ലൈഫ് മിഷനോടൊപ്പം ചേര്‍ത്ത് നടപ്പാക്കി വരുന്നു. ഗ്രാമീണ മേഖലയില്‍ 17471 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ 94% വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. പി. എം. എ. വൈ നഗര മേഖലയില്‍ 75887 ഗുണഭോക്താക്കളാണുണ്ടായിരുന്നത്. ഇതില്‍ 28334 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തിയാക്കും. ഭൂരഹിത , ഭവന രഹിതര്‍ക്കായുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണം ജൂണിനു മുന്‍പ് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിനാല്‍ വേഗം നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകും. ഇതു കൂടാതെ 56 ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ വിശദമായി പദ്ധതി രേഖയും പൂര്‍ത്തിയായി വരുന്നു.
ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനമാണ് തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്നത്. അങ്കമാലി നഗരസഭയില്‍ 366 വീടുകള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നത്. മഴയ്ക്കു മുന്‍പ് ജലസ്രോതസുകള്‍ വൃത്തിയാക്കണം. ഒരു കോടി വൃക്ഷത്തൈകളാണ് സംസ്ഥാനത്തുടനീളം നടേണ്ടത്. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെയാണ്. പ്രാദേശിക വികസനത്തിന്റെ ആകെ തുകയാണ് സംസ്ഥാന വികസനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അങ്കമാലി നഗരസഭ 21-ാം വാര്‍ഡിലെ പി.എം.എ.വൈ പദ്ധതി ഗുണഭോക്താവ് കുഞ്ഞുമോള്‍- രാജന്‍ കൂട്ടാല ദമ്പതികള്‍ മുഖ്യമന്ത്രിയില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങി. ഒന്‍പതാം വാര്‍ഡിലെ ലൈഫ് ഗുണഭോക്താവ് റോസി പാപ്പുവും വേദിയില്‍ താക്കോല്‍ ഏറ്റുവാങ്ങി. ഫ്‌ളാറ്റ് നിര്‍മ്മിക്കാനുള്ള സ്ഥലം വിട്ടു നല്‍കിയ മേനാച്ചേരി പാപ്പു - ഏല്യാ പാപ്പു ദമ്പതികളുടെ മകന്‍ എം.ഡി ജോസ് മേനാച്ചേരി, മേരി സിറിയക് എന്നിവരെ ചടങ്ങില്‍ മുഖ്യമന്ത്രി അനുമോദിച്ചു.
അങ്കമാലി നഗരസഭ 2017-18 മുതല്‍ 2019-20 വരെയുള്ള വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.27 കോടി രൂപ ചെലവിലാണ് ഫ്‌ലാറ്റ് നിര്‍മ്മിച്ചത്. 11-ാം വാര്‍ഡില്‍ മേനാച്ചേരി പാപ്പു - ഏല്യാ പാപ്പു ദമ്പതികള്‍ സൗജന്യമായി വിട്ടു നല്‍കിയ 15 സെന്റ് സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത് . 7500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് നിര്‍മ്മാണം. 650 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 12 ഫളാറ്റുകളാണ് കെട്ടിടത്തിലുള്ളത്. ഭൂരഹിത ഭവന രഹിതരായി 99 പേരാണ് നഗരസഭയുടെ പട്ടികയിലുള്ളത്. ഇതില്‍ 12 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഫ്‌ലാറ്റുകള്‍ കൈമാറുുന്നത്. സ്ഥലം ലഭിക്കുന്നതനുസരിച്ച് ബാക്കിയുള്ളളവര്‍ക്കും ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ബീന എസ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.എ.ഗ്രേസി, ബെന്നി ബഹനാന്‍ എം.പി, റോജി ജോണ്‍ എം.എല്‍.എ, ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഏണസ്റ്റ് സി. തോമസ്, ബാംബൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ജെ. ജേക്കബ്, ടെല്‍ക്ക് ചെയര്‍മാന്‍ എന്‍.സി.മോഹനന്‍, മുന്‍ മന്ത്രി അഡ്വ. ജോസ് തെറ്റയില്‍, നഗരസഭ വൈസ് ചെയര്‍മാന്‍ എം.എസ്.ഗിരീഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.