കുളത്തൂപ്പുഴയിലെ രാത്രികള്‍ ഇനി തിളങ്ങും

post

ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ കുളത്തൂപ്പുഴയില്‍ ഇനി രാത്രിയിലും വെട്ടം പരത്തും. ഗ്രാമപഞ്ചായത്തിന്റെ സമഗ്ര തെരുവ് വിളക്ക് പരിപാലന പദ്ധതിയായ 'തൂവെളിച്ചം'മാറ്റത്തിന്റെ പുതുവെളിച്ചം പകരും. ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്തിലെ പ്രധാന പാതയായ അരിപ്പ മുതല്‍ തെന്മല വരെയും കുളത്തൂപ്പുഴ മുതല്‍ ഭാരതീപുരം വരെയുമുള്ള 30 കിലോമീറ്റര്‍ പ്രദേശത്താണ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. എല്ലാ വൈദ്യുത പോസ്റ്റുകളിലും ഹൈവോള്‍ട്ട് എല്‍. ഇ. ഡി ലൈറ്റുകളാണ് പുതിയതായി വച്ചത്.

രണ്ടാം ഘട്ടമായി കുളത്തൂപ്പുഴ ടൗണിലും 20 വാര്‍ഡുകളിലും ലൈറ്റുകള്‍ സ്ഥാപിക്കും. ടൗണില്‍ 50 വോള്‍ട്ട് എല്‍. ഇ. ഡി ലൈറ്റുകളാണ് ഉണ്ടാകുക. ഒരു വര്‍ഷത്തേക്ക് ലൈറ്റുകളുടെ പരിപാലനം, ഇലക്ട്രീഷ്യന്റെ സേവനം, വാഹന വാടക എന്നിവയുള്‍പ്പെടെ 30 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്തിന്റെ പദ്ധതിവിഹിതം.

വിനോദസഞ്ചാരമേഖലയെന്ന പരിഗണന കൂടി നല്‍കിയാണ് പാതയുടെ ഇരുവശങ്ങളിലും തെരുവുവിളക്കുകള്‍ നാട്ടിയത്. രാത്രികാലങ്ങളില്‍ പ്രധാന പാതയുടെ വശങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നത് ഒഴിവാക്കാനും പുതിയ പദ്ധതി പ്രയോജനപ്പെടുമെന്ന് പ്രസിഡന്റ് പി. അനില്‍ കുമാര്‍ പറഞ്ഞു.