സ്‌നേഹിത കോളിംഗ് ബെല്‍: ശില്‍പശാല സംഘടിപ്പിച്ചു

കാക്കനാട്: കുടുംബ ശ്രീ മിഷന്‍ നടപ്പിലാക്കുന്ന സ്‌നേഹിത കോളിംഗ് ബെല്‍ വാരാചരണത്തിന്റെ ഭാഗമായുള്ള ശില്‍പശാല ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. സാമൂഹിക, സാമ്പത്തിക, ജീവിത സാഹചര്യം മോശമായതും ഒറ്റപ്പെട്ട് കഴിയുന്നവരുമായവര്‍ക്ക് അയല്‍ക്കൂട്ടങ്ങള്‍ വഴി സുരക്ഷയും മാനസിക പിന്തുണയും നല്‍കുന്ന കുടുംബശ്രീ പദ്ധതിയാണ് സ്‌നേഹിത കോളിംഗ് ബെല്‍. ഈ മാസം 15 മുതല്‍ 21 വരെയാണ് സ്‌നേഹിത കോളിംഗ് ബെല്‍ വാരാചരണം.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജില്ലയില്‍ കുടുംബ ശ്രീ നടത്തിയ സര്‍വ്വേയില്‍ 1054 പേരെയാണ് ഒറ്റപ്പെട്ട് കഴിയുന്നവരായി കണ്ടെത്തിയിരിക്കുന്നത്. ഒറ്റപ്പെട്ടതും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടവരുമായവര്‍ക്ക് പിന്തുണ നല്‍കുവാനും കൃത്യമായ ഇടവേളകളില്‍ ഇവരെ സന്ദര്‍ശ്ശിച്ച് ഇവര്‍ക്കാവശ്യമായ പിന്തുണ നല്‍കുവാനുമാണ് സ്‌നേഹിത കോളിംഗ് ബെല്‍ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്.
ജില്ലയിലെ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പറഞ്ഞ കളക്ടര്‍ പദ്ധതിയുടെ കീഴില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ താനും നേരിട്ട് പങ്കെടുക്കുമെന്നും അറിയിച്ചു. സമൂഹത്തില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന പരമാവധി പേരെ നേരില്‍ സന്ദര്‍ശ്ശിക്കാന്‍ താന്‍ എത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി.
അയല്‍ക്കൂട്ടാംഗങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച കലാമത്സരങ്ങളില്‍ പങ്കെടുത്തവരെ യോഗത്തില്‍ അനുമോദിച്ചു. കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ റുഖിയ ജമാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ശാരദ മോഹന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി. പി. ഗീവര്‍ഗ്ഗീസ്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ രഞ്ജിനി .എസ് എന്നിവര്‍ പ്രസംഗിച്ചു.