നാടെങ്ങും ആവേശമായി രംഗശ്രീ കലാകാരികളുടെ സ്ത്രീശക്തി കലാജാഥ

post

കാസര്‍കോട്: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ലിംഗ അസമത്വത്തി നുമെതിരെ കുടുംബശ്രീ അവതരിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥയ്ക്ക് നാടെങ്ങും ഗംഭീര വരവേൽപ്പ്. ദൃശ്യ -സംഗീതാവിഷ്കാര ത്തിലൂടെ  സമൂഹത്തെ നവീകരിച്ച് ഒരു സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്  കുടുംബശ്രീ  സ്ത്രീശക്തി കലാജാഥ അവതരിപ്പിക്കുന്നത്. മാർച്ച് 10 മുതൽ 23 വരെ ജില്ലയിലെ 50 കേന്ദ്രങ്ങളിൽ സ്ത്രീശക്തി കലാജാഥ പര്യടനം നടത്തുന്നു. മാർച്ച് 10 ന് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഫ്ലാഗ് ഓഫ് ചെയ്ത കലാജാഥ സിവിൽ സ്റ്റേഷനിൽ നിന്ന് പ്രയാണം ആരംഭിച്ച് 23 ന് മടിക്കൈയിൽ സമാപിക്കും.

കുടുംബശ്രീ രംഗശ്രീ ടീമിലെ 12 അംഗങ്ങളാണ് നാടകവും സംഗീതശില്പവുമടങ്ങുന്ന കലാജാഥ അവതരിപ്പിക്കുന്നത്. കരിവെള്ളൂർ മുരളി രചനയും സംവിധാനവും നിർവഹിച്ച  'പാടുക ജീവിതഗാഥകൾ' സംഗീതശില്പത്തിലൂടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ ചോദ്യം ചെയ്തു കൊണ്ടും സ്ത്രീയുടെ ഉയർത്തെഴുന്നേൽപ്പിന് ആഹ്വാനം ചെയ്തും കൊണ്ടുമാണ് കലാജാഥ  ആരംഭിക്കുന്നത്. റഫീഖ് മംഗലശേരിയും കരിവെള്ളൂർ മുരളിയും ചേർന്ന് രചിച്ച് റഫീഖ് മംഗലശേരി സംവിധാനം ചെയ്ത  'പെൺ കാലം, എന്ന നാടകത്തിൽ പ്രണയ പക, സംശയരോഗം, സ്ത്രീധനം എന്നിവ ചർച്ച ചെയ്യപ്പെടുന്നു. ഹരിത കർമ്മ സേന അവതരിപ്പിക്കുന്ന രമണൻ എന്ന നാടകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നാടകം സഞ്ചരിക്കുന്നത്. സുധി ദേവയാനി രചിച്ച് ശ്രീജ ആറങ്ങോട്ടുകര സംവിധാനം ചെയ്ത 'അത് ഞാൻ തന്നെയാണ് ' എന്ന നാടകത്തിൽ മരണശേഷം കഴിഞ്ഞു പോയ സ്വന്തം ജീവിതം അന്വേഷിക്കുന്ന സ്ത്രീയുടെ കഥ പറയുന്നു. ധീരവും ഉജ്ജ്വലവുമായ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് രണ്ട് നാടകങ്ങളും.

ഇതുവരെ 3 ബ്ലോക്കുകളിലായി 30 കേന്ദ്രങ്ങളിൽ പരിപാടി അവതരിപ്പിച്ചു. ഓരോ കേന്ദ്രങ്ങളിലും വമ്പിച്ച ജനാവലിയോടെ  ആവേശോജ്വലമായ  സ്വീകരണമാണ് കലാജാഥക്ക് ലഭിച്ച് വരുന്നത്. അവതരണ മികവുകൊണ്ടും ഗംഭീരമായ പിന്നണി സംഗീതം കൊണ്ടും വ്യത്യസ്തമായ സ്ത്രീശക്തി  കലാജാഥ, വീക്ഷിക്കുന്ന ഓരോ  സ്ത്രീയും അരങ്ങിൽ കാണുന്നത് സ്വന്തം ജീവിതം തന്നെയാണ്. സ്ത്രീ ജീവിതത്തിലെ മഹാ സങ്കടങ്ങളും , സംഘർഷങ്ങളും , സന്തോഷവും ഇത്രമേൽ മികവുറ്റ രീതിയിൽ ആവിഷ്കരിക്കാൻ സാധിച്ചു എന്നത് തന്നെയാണ് ഈ  കലാജാഥയുടെ ഏറ്റവും പ്രധാന സവിശേഷതയും വിജയവുമെന്ന് കാണികൾ ഒന്നടങ്കം  പറയുന്നു.

സംസ്ഥാന സർക്കാരിന്റെ സ്ത്രീപക്ഷ നവകേരളം ക്യാമ്പയിനിന്റെ അവസാന ഘട്ടമായാണ് സ്ത്രീശക്തി കലാജാഥ അവതരിപ്പിക്കുന്നത്. ജില്ലാമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രകാശൻ  പാലായി, ജില്ലാ പ്രോഗ്രാം മാനേജർ രേഷ്മ എന്നിവർ നേതൃത്തം നൽകുന്ന   കലാജാഥയുടെ പരിശീലകൻ ഉദയൻ കുണ്ടംകുഴിയും ജാഥാ ക്യാപ്റ്റൻ നിഷാ മാത്യുവുമാണ്. രംഗശ്രീ അംഗങ്ങളായ ഭാഗീരഥി, ചിത്ര, സിൽന, സുമതി, സിന്ധു, അജിഷ, രജിഷ, ലത, ദീപ, ബിന്ദു, ബീന എന്നിവരാണ് കലാജാഥയിൽ പരിപാടികൾ അവതരിപ്പിക്കുന്നത്.