ദേശീയ അംഗീകാര നിറവില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

post

ദേശീയ ഗുണനിലവാര അംഗീകാരമായ നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കേഷന്‍ (എന്‍ക്യുഎഎസ്) അംഗീകാരം നേടി ജില്ലയിലെ മാട്ടൂല്‍, ഉദയഗിരി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് അംഗീകാരം നല്‍കിയത്. മാട്ടൂലിന് 95 ശതമാനവും ഉദയഗിരിക്ക് 94 ശതമാനവും മാര്‍ക്കാണ് ലഭിച്ചത്. ഇതോടെ  ജില്ലയില്‍ എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ച സ്ഥാപനങ്ങളുടെ എണ്ണം 26 ആയി. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ച ഏക ജില്ലയും കണ്ണൂരാണ്.

ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഒപി ലാബ് എന്നീ വിഭാഗങ്ങളിലായി രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍ ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യത, വിതരണം, ക്ലിനിക്കല്‍ സേവനങ്ങള്‍, രോഗീസൗഹൃദം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ- ശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളെ അടിസ്ഥാനമാക്കി 3500 പോയിന്റുകള്‍ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്.

കൊവിഡ് പ്രതിസന്ധിക്കു ശേഷം പരിശോധനാ സംഘം ഫെബ്രുവരി ഒമ്പത്, 10, 11, 12 തീയ്യതികളില്‍ നടത്തിയ നേരിട്ടുള്ള പരിശോധനയിലാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്.  ഓരോ വര്‍ഷവും രണ്ട് ലക്ഷം രൂപ വീതവും, അടുത്ത രണ്ട് വര്‍ഷത്തേക്ക് ഗ്രാന്റും ലഭിക്കും. എല്ലാവര്‍ഷവും സംസ്ഥാന വിലയിരുത്തല്‍ സംഘം ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം തുക വീണ്ടും അനുവദിക്കും. കോവിഡിനെ തുടര്‍ന്ന് നേരത്തെ നടത്തിയ ഓണ്‍ലൈന്‍ പരിശോധനയില്‍ ഒരു വര്‍ഷത്തേക്കുള്ള  അംഗീകാരവും ലഭിച്ചിരുന്നു.