തിരുവനന്തപുരം പാലോട് ജനമൈത്രി എക്സൈസ് സ്‌ക്വാഡ് ഓഫീസ് പരിഗണനയിൽ

post


തിരുവനന്തപുരം: മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന പ്രവണത ഒഴിവാക്കുന്നതിനും പുതുതലമുറയെ ലഹരി ഉപയോഗത്തിൽ  നിന്ന് പിന്തിരിപ്പിക്കുന്നതിനും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി തിരുവനന്തപുരം പാലോട് കേന്ദ്രമാക്കി ജനമൈത്രി എക്സൈസ് സ്‌ക്വാഡ് ഓഫീസ് രൂപീകരിക്കുന്നതിനുള്ള പ്രപ്പോസൽ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ പറഞ്ഞു. ഡി കെ മുരളി എം എൽ എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
പെരിങ്ങമ്മല, വിതുര ആദിവാസി മേഖലയിലെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. അവിടങ്ങളിൽ യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കാനുള്ള നടപടികളും എക്സൈസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. വിതുര, പെരിങ്ങമ്മല, കുറ്റിച്ചൽ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള പട്ടികജാതി  പട്ടികവർഗ്ഗ മേഖലകളിൽ യുവാക്കളെ ലഹരിയിൽ നിന്നും പിൻതിരിപ്പിക്കുന്നതിനായി ബോധവൽക്കരണ ക്ലാസുകളും നടത്തുന്നുണ്ട്. 'ലഹരിക്കെതിരെ കായിക ലഹരി'എന്ന മുദ്രാവാക്യത്തോടെ ഫുട്ബോൾ ടീമുകൾ രൂപീകരിച്ച് പരിശീലനം നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ച് വരികയാണ്.

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാരായ രക്ഷകർത്താക്കൾക്ക് കൗൺസിലിംഗ് നൽകുന്നു. ഞാറനീലി സെറ്റിൽമെന്റ് പ്രദേശത്ത് മത്സര പരീക്ഷകളിൽ വിജയിച്ച് ജോലി നേടുന്നതിനായി 'തൊഴിലാണ് ലഹരി' എന്ന സന്ദേശം ഉയർത്തി എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. ഇതോടനുബന്ധിച്ച് പഠനോപകരണങ്ങളും പരീക്ഷാർത്ഥികൾക്കിടയിൽ വിതരണം ചെയ്യുന്നുണ്ട്. കരിയർ മാർഗ്ഗനിർദ്ദേശ കേന്ദ്രങ്ങൾ, പരമ്പരാഗത തൊഴിലുകളുടെ പ്രോത്സാഹനം, സ്പോർട്സ് ടീമുകളുടെ രൂപീകരണം, കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി വിവിധ ബോധവൽകരണ പ്രവർത്തനങ്ങളും വകുപ്പ് നടത്തുന്നുണ്ട്. വിമുക്തി പഞ്ചായത്ത് വാർഡ് തല കമ്മിറ്റികൾ ചേർന്ന് ലഹരി ഉപയോഗം സംബന്ധിച്ച പരാതികൾ അന്വേഷിച്ച് നടപടികൾ സ്വീകരിക്കുന്നുമുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി കൗൺസലിംഗ് നൽകുന്നതിനുള്ള നടപടികൾ വകുപ്പ് സ്വീകരിക്കുന്നുണ്ട്. ഗോത്ര മേഖലയിലെ ആളുകളിൽ ആരോഗ്യപരിപാലനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും, ലഹരി ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനുമായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വിദ്യാർത്ഥികളെ കണ്ടെത്തി തുടർ പഠനത്തിന് ആവശ്യമായ സഹായങ്ങളും എക്സൈസ് വകുപ്പ് നൽകുന്നുണ്ട്. വിമുക്തി മിഷൻ തിരുവനന്തപുരം ജില്ലയിൽ പുതുതായി ആരംഭിക്കുന്ന രണ്ട് ഡി-അഡിക്ഷൻ സെന്ററുകളിൽ ഒന്ന് പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആരംഭിക്കുന്നതിനാണ് നിർദ്ദേശിച്ചിട്ടുള്ളത്. പുതുതായി ഡി-അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുന്നതിന് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പാലോട് കമ്മ്യൂണിറ്റി ഹെൽത്ത സെന്ററിലും വിമുക്തി ഡി-അഡിക്ഷൻ സെന്റർ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പെരിങ്ങമല, വിതുര തുടങ്ങിയ ആദിവാസി ഊരുകളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ച് പെൺകുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടിട്ടുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവിടെ യുവതീയുവാക്കൾക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുള്ള നടപടികൾ എക്സൈസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി സബ്മിഷനുള്ള മറുപടിയിൽ വ്യക്തമാക്കി.