കൃഷി കുട്ടിക്കളിയല്ല; മികച്ച വിദ്യാര്‍ഥി കര്‍ഷകനായി നിഹാന്‍

post

വലുതായാല്‍ ആരാവണം എന്ന ചോദ്യത്തിന് നിഹാന് ഒറ്റ ഉത്തരമേ ഉള്ളൂ കൃഷി ഓഫീസര്‍. കുഞ്ഞു മനസ്സില്‍ നിഹാന്‍ ഈ ആഗ്രഹം കൊണ്ടു നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ  ജില്ലാതല അവാര്‍ഡ് കൂടി കിട്ടിയപ്പോള്‍ ആഗ്രഹങ്ങള്‍ പടര്‍ന്നു പന്തലിച്ചു. കാര്‍ഷിക വകുപ്പിന്റെ മികച്ച വിദ്യാര്‍ഥി കര്‍ഷകനാണ് കാഞ്ഞിരോട് കെ എം ജെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിയായ പി മുഹമ്മദ് നിഹാന്‍. മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാര്‍ഡും മികച്ച സ്ഥാപന മേധാവിക്കുള്ള അവാര്‍ഡും നിഹാന്റെ സ്‌കൂളിന് തന്നെ.

സ്‌കൂളില്‍ വിപുലമായി നടത്തുന്ന പച്ചക്കറി കൃഷിയില്‍ നിന്നും പ്രചോദനം നേടിയാണ് വീട്ടിലും ഒരു കൊച്ചു തോട്ടം ഒരുക്കാന്‍ തീരുമാനിച്ചത്. മുണ്ടേരി കൃഷിഭവനില്‍ നിന്നാണ് സ്‌കൂളിലേക്ക് പച്ചക്കറി വിത്ത് ലഭിക്കുന്നത്. ഇതില്‍ നിന്നാണ് നിഹാന്‍ വീട്ടിലെ തോട്ടം ഒരുക്കുന്നത്. വെള്ളരി, വെണ്ട, തക്കാളി, പച്ചമുളക്, പുതിയിന എന്നീ പച്ചക്കറികളും മഞ്ഞള്‍, വാഴ, പപ്പായ തുടങ്ങിയവയുമാണ് തോട്ടത്തിലെ പ്രധാന ഇനങ്ങള്‍.

കൊവിഡ് മൂലം സ്‌കൂള്‍ അടഞ്ഞു കിടന്ന സമയത്ത് പച്ചക്കറി തോട്ടത്തില്‍ തന്നെയായിരുന്നു നിഹാന്‍. ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നതിനും മുമ്പും   തിരിച്ചെത്തിയ ശേഷവും വെള്ളം നനച്ചും പരിപാലിച്ചും അങ്ങനെ കുറച്ചു നേരം. ഉപ്പ നിയാസും ഉമ്മ രജുവയും ചേച്ചി ഷിറിനും സഹായത്തിനുണ്ടാകും. സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പച്ചക്കറി മേളയില്‍ നിന്ന് 3000 രൂപയോളം നിഹാന് ലഭിച്ചു. സ്വന്തമായി നട്ടുനനച്ച വാഴകളില്‍ നിന്നും നാല് വാഴക്കുല കിട്ടിയത് ആവേശത്തോടെയാണ് നിഹാന്‍ പറഞ്ഞത്. തൈകള്‍ കരിഞ്ഞുണങ്ങുന്നത് ഇടക്ക് വിഷമിപ്പിക്കാറുണ്ടെങ്കിലും രാവിലെ കാണുന്ന പുതുനാമ്പിലാണ് നിഹാനിന്റെ പ്രതീക്ഷ.