ഇംഗ്ലീഷിനെ സ്‌നേഹിച്ചും സംസാരിച്ചും കുട്ടിപ്പട്ടാളം

post

സ്‌മൈല്‍ 2കെ20
ഇടുക്കി : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ നടപ്പാക്കി വരുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ ഇംഗ്ലീഷ് ഭാഷയില്‍ കുട്ടികള്‍ ആര്‍ജ്ജിച്ചെടുത്ത കഴിവുകളുടെ അവതരണം  'സ്‌മൈല്‍ 2കെ20 ' എന്ന പേരില്‍ വാഴത്തോപ്പ് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു.  ഇംഗ്ലീഷ് ഭാഷാ മികവ്  പ്രഖ്യാപനം വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.എം ജലാലുദ്ദീന്‍ നിര്‍വഹിച്ചു.
കുട്ടികള്‍ ഇംഗ്ലീഷില്‍ വിശിഷ്ടാഥിതികളെ സ്വാഗതം ചെയ്തും പ്രാര്‍ഥന ചൊല്ലിയും പരിപാടിയില്‍ ശ്രദ്ധ ആകര്‍ഷിച്ചു. പരിപാടിയോടനുബന്ധിച്ച്  ഇംഗ്ലീഷ് പ്രസംഗം, കോമഡി സ്‌കിറ്റ്, സംഘഗാനം, ആക്ഷന്‍ സോംഗ്, സ്റ്റോറി ടെല്ലിംഗ്, പദ്യപാരായണം, ഇംഗ്ലീഷ് മിമിക്രി, തുടങ്ങി ഭാഷ പഠനത്തിലൂടെ കുട്ടികള്‍ ആര്‍ജ്ജിച്ച വിവിധ കഴിവുകളും പ്രകടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷ പഠനത്തിന്റെ ഭാഗമായി കുട്ടികള്‍ പാഠഭാഗങ്ങളില്‍ നിന്ന് പഠിക്കുന്ന വാക്കുകളെ പുനരാഖ്യാനം ചെയ്യുന്ന വേഡ് വിന്നര്‍, കഥാ തര്‍ജ്ജമ, കൈയെഴുത്ത് മത്സരം, ഇംഗ്ലീഷില്‍ അസംബ്ലികള്‍ ചേര്‍ന്നും ദിനാചരണങ്ങളില്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രാധാന്യം  നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും സ്‌കൂളില്‍ നടത്തുന്നുണ്ട്. കൂടാതെ  സമഗ്ര ശിക്ഷാ പരിശീലകരുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് കൂട്ടെഴുത്ത് പരിശീലനവും നല്‍കുന്നുണ്ട്. ഇംഗ്ലീഷ ഭാഷ പഠനത്തിലെ കുട്ടികളുടെ പോരായ്മകള്‍ കണ്ടെത്തി പരിഹരിച്ചാണ് ഭാഷാ മികവ് പ്രഖ്യാപനം നടത്തിയത്.    ഹലോ ഇംഗ്ലീഷ് പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ രണ്ടാത്തെ സ്‌കൂളാണ് വാഴത്തോപ്പ് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍. അടുത്ത ഘട്ടത്തില്‍ ജില്ലയില്‍ കൂടുതല്‍ സ്‌കൂളുകളിലും പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എ ബിനുമോന്‍ പറഞ്ഞു.
വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എ ബിനുമോന്‍ പദ്ധതി  വിശദീകരിച്ചു, ഗ്രാമപഞ്ചായത്തംഗം ഷിജോ തടത്തില്‍,  സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ മൈക്കിള്‍ സെബാസ്റ്റ്യന്‍,  ഹലോ ഇംഗ്ലീഷ് പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജി തോമസ്, അറക്കുളം ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ മുരുകന്‍. വി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മോളി പി.പി, അദ്ധ്യാപിക ഷോബി ജേക്കബ്,പി.ടിഎ, പ്രസിഡന്റ് ബോബി സി.വി തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളും രക്ഷ കര്‍ത്താക്കളും ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.