മനസോടെ മണ്ണ് നല്‍കി രാജന്‍പിള്ളയും…

കൊല്ലം: പാവപ്പെട്ടവര്‍ക്ക് വീടൊരുക്കാനായി സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണ് ചവറ മണ്ണൂര്‍ പുത്തന്‍വീട്ടില്‍ എന്‍. രാജന്‍പിള്ള. ലൈഫ് പദ്ധതിയുടെ ഭാഗമായ ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി 40 സെന്റ് വസ്തുവാണ് അദ്ദേഹം കൈമാറിയത്. ഇതിന്റെ രേഖകള്‍ ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍മാസ്റ്റര്‍ക്ക് കൈമാറി.
എട്ടാം വയസില്‍ അമ്മയോടൊപ്പം തൊണ്ട് ചുമന്ന് തുടങ്ങിയ അധ്വാനത്തിന്റെ ഒരു വിഹിതമാണ് രാജന്‍പിള്ള നാടിനായി മാറ്റി വെച്ചത്. കൈവണ്ടിവലിക്കല്‍, മത്സ്യക്കച്ചവടം, കയര്‍പിരി, ഹോട്ടല്‍ തുടങ്ങി ഒട്ടേറെ ജോലികളുടെ സമ്പാദ്യമാണ് പലയിടുത്ത് വസ്തു വാങ്ങാന്‍ ഇടയാക്കിയത്. ഇപ്പോള്‍ 68 വയസ്സായി. മക്കള്‍ക്ക് എല്ലാവര്‍ക്കും ഭൂമിയും വീടും നല്‍കി. ഇനി ജീവിതത്തിന്റെ പുറമ്പോക്കില്‍ കഴിയുന്നവരെ സഹായിക്കണമെന്ന ന•യിലേക്ക് ഭാര്യ പത്മജയാണ് നയിച്ചത്. നിറമനസ്സോടെ രാജന്‍പിള്ള തീരുമാനെമടുത്തു, ഭൂമി നല്‍കാം.
പ്രഭാത സവാരിക്ക് കൂടെക്കൂടുന്ന സുഹൃത്താണ് സര്‍ക്കാരിന്റെ മനസോടിത്തിരി മണ്ണ് ക്യാമ്പയിനെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് ചവറ പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍പിള്ളയുമായി ചേര്‍ന്ന് നടപടിക്രമങ്ങളിലേക്ക്. ഭൂമി നല്‍കുന്നതില്‍ മക്കളള്‍ക്കും ഒരേ മനസ്സ്.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ് വസ്തു കൈമാറ്റമെന്ന് രാജനപിള്ള. കൈനിറയെ ഇല്ലെങ്കിലും ഉള്ളതില്‍ ഒരു പങ്ക് നാടിനായി മാറ്റി വെക്കണമെന്നുള്ളത് കൊണ്ടാണ് വസ്തു നല്‍കിയത്. സുമനസ്സുകള്‍ക്ക് ഇത് പ്രചോദനമായെങ്കില്‍ എന്ന ശുഭപ്രതീക്ഷയും അദ്ദേഹം പങ്കിട്ടു.
ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ 1.27 ഏക്കര്‍ ഭൂമിയാണ് ലൈഫ് മിഷന് ലഭിച്ചത്. രാജന്‍പിള്ളയെ കൂടാതെ ചെന്നൈ, ലക്ഷ്മി നിവാസില്‍ ഹേമാ ജയചന്ദ്രന്‍ പരവൂര്‍ മുനിസിപ്പാലിറ്റിയില്‍ 73 സെന്റും പാവുമ്പ സ്വദേശി പൊന്നാതിരയില്‍ രാജേന്ദ്രന്‍പിള്ള 14 സെന്റ് ഭൂമിയും നല്‍കി.