വരൂ, ഔഷധ സസ്യങ്ങളെ കണ്ടറിഞ്ഞ് മടങ്ങാം

post

കണ്ണൂർ: വീട്ടുമുറ്റത്തുള്ള ഒട്ടുമിക്ക ചെടികളും ഔഷധങ്ങളാണെന്ന് നിങ്ങൾക്കറിയാമോ? കണിക്കൊന്നയും ശംഖുപുഷ്പവും അശോകവും കാണാൻ ഭംഗിയുള്ള പൂക്കൾ മാത്രമല്ലെന്നറിയാൻ ഔഷധിയുടെ പരിയാരം മേഖലാ കേന്ദ്രത്തിലെത്തിയാൽ മതി. ഇവിടുത്തെ ഔഷധസസ്യ വിജ്ഞാന വ്യാപനകേന്ദ്രം സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുത്തു.

പേരറിയുന്നതും അറിയാത്തതുമായ ഇരുന്നൂറോളം ഔഷധ സസ്യങ്ങളെ ഇവിടെ പരിചയപ്പെടാം. ചെടികളും അവയുടെ ശാസ്ത്രീയ നാമവും ഔഷധ ഗുണവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾവിദ്യാർഥികൾക്കും ഗവേഷകർക്കും ഏറെ പ്രയോജനകരമാകും വിധമാണ് ഔഷധ സസ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. തുളസിയും ആര്യവേപ്പും, പനിക്കൂർക്കയും തുടങ്ങി അകത്തി, അകിൽ, എരുക്ക്, അടവിപ്പാല, നായ്ക്കുരണ, കയ്യോന്നി, നിലനാരകം, ചങ്ങലംപരണ്ട, അയ്യപ്പാന വരെ ഇവിടെയുണ്ട്.

80 ഏക്കറുള്ള ഔഷധി തോട്ടത്തിൽ നാൽപ്പതേക്കറിൽ കറ്റാർവാഴ, ഉങ്ങ്, കറവപ്പട്ട, കുമുദ്, മഞ്ഞൾ, അശോകം, കൊടുവേലി, രക്തചന്ദനം തുടങ്ങി പത്തോളം ഇനങ്ങൾ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഇതിനു പുറമെയാണ് ചട്ടികളിൽ പ്രദർശനത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. ഔഷധി പുറത്തിറക്കിയ 'ഔഷധ സസ്യങ്ങളെ അറിയാം' എന്ന പുസ്തകത്തിൽ ഇവയുടെ സചിത്ര വിവരണങ്ങളും ഉണ്ട്. 2017ലാണ് ഔഷധി ഔഷധസസ്യ വ്യാപന വിജ്ഞാനകേന്ദ്രം പ്രവർത്തനം തുടങ്ങിയത്. പ്രളയം, കൊവിഡ് തുടങ്ങിയ പ്രതിസന്ധികളിൽ അടച്ചിടുകയായിരുന്നു. ഇനി എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ വൈകിട്ട് 4.30 വരെ ഇവിടം സന്ദർശിക്കാം. ഔഷധി സീനിയർ അസിസ്റ്റന്റ് കെ നൗഷാദാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.